കുവൈത്തിൽ വധശിക്ഷ റദ്ദാക്കപ്പെട്ട 16 ഇന്ത്യക്കാരിൽ നാല് മലയാളികളും. കാസർകോട് സ്വദേശി സിദ്ദീഖ് , മലപ്പുറം ചീക്കോട് സ്വദേശി ഫൈസൽ , പാലക്കാട് സ്വദേശികളായ മു സ്തഫ ഷാഹുൽ ഹമീദ്, നിയാസ് മുഹമ്മദ് ഹനീഫ എന്നിവരുടെ വധശിക്ഷയാണ് റദ്ദാക്കിയത്.2015 ഏപ്രിൽ 19നാണ് കേസിനാസ്പദമായ സംഭവം. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതികളിലൊരാളിൽ നിന്ന് നാല് കിലോയിലധികം മയക്കുമരുന്ന് പിടികൂടുകയായിരുന്നു. തുടർന്ന് കുവൈത്തിലെ ജലീബ് അൽ ശുയൂഖിലെ താമസസ്ഥലത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് കണ്ടെടുക്കുകയും മറ്റു മൂന്ന് പ്രതികൾ കൂടി അറസ്റ്റിലാവുകയും ചെയ്തു.
മയക്കുമരുന്ന് കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട 17 ഇന്ത്യക്കാരിൽ 16 പേരുടെ വധശിക്ഷയാണ് കുവൈത്തിലെ കോടതിവിധികളിലൂടെ റദ്ദായത്. ഈ 16 പേരിൽ 15 പേരുടെ ശിക്ഷ ജീവപര്യന്തമായി കുറക്കുകുയും ഒരാളെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയുമായിരുന്നു. ഒരു പ്രതിയുടെ ശിക്ഷ ശരിവെച്ചു.
മറ്റു 119 ഇന്ത്യൻ തടവുകാരുടെ ശിക്ഷാകാലാവധി കുറക്കാൻ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിട്ടുണ്ട്. ഇവരിൽ 22 പേർക്ക് ഉടൻ ജയിലിൽനിന്ന് പുറത്തിറങ്ങാൻ സാധിക്കും. ഈ 199 പേരിലും നിരവധി മലയാളികളുണ്ടെന്നാണ് സൂചന. മയക്കുമരുന്ന് കടത്തും ഉപയോഗവും വ്യാപകമായതിനെ തുടർന്ന് 1997 മേയിലാണ് കുവൈത്തിൽ മയക്കുമരുന്ന് കേസുകൾക്ക് വധശിക്ഷ ബാധകമാക്കിയത്.അബൂബക്കർ സിദ്ദീഖ്, ഫൈസൽ, മുസ്തഫ ഷാഹുൽ ഹമീദ് എന്നിവർ 2015ലാണ് മയക്കുമരുന്ന് കടത്തിയ കേസിൽ അറസ്റ്റിലായത്. കേസിൽ ഫൈസൽ ഒന്നാം പ്രതിയും മുസ്തഫ ഷാഹുൽ ഹമീദ് മൂന്നാം പ്രതിയും അബൂബക്കർ സിദ്ദീഖ് നാലാം പ്രതിയുമാണ്. രണ്ടാം പ്രതി ശ്രീലങ്കക്കാരിയായ സുക്ലിയ സമ്പത്തിനെയും (41) കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു.