മുംബൈ: അസഹിഷ്ണുതാ വിവാദങ്ങള്‍ക്കും സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ക്കുമിടെ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്കു വന്‍ കുതിച്ചു കയറ്റം. ലോക സാമ്പത്തിക ഫോറത്തിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം 13 സ്ഥാനങ്ങളാണ് ഇന്ത്യയിലെ വിനോദ സഞ്ചാര മേഖല കഴിഞ്ഞ വര്‍ഷം ഉയര്‍ന്നത്. 65 ല്‍ നിന്നും 13 സ്ഥാപനങ്ങള്‍ ഉയര്‍ന്ന് ഇന്ത്യയിലെ വിനോദ സഞ്ചാര മേഖല 52 ല്‍ എത്തി നില്‍ക്കുകയാണ്.
കഴിഞ്ഞ ജനുവരി മുതല്‍ നവംബര്‍ വരെയുള്ള 11 മാസത്തിനിടെ 7.10 ദശലക്ഷം വിനോദ സഞ്ചാരികളാണ് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെത്തിയ ആഭ്യന്തര വിനോദ സഞ്ചാരികളുടെ കണക്കുകള്‍ കൂട്ടാതെയാണ് ഇത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം മാത്രമാണ് ലോക എക്കണോമിക് ഫോറം കണക്കില്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത്തവണ 4.5 ശതമാനമത്തിന്റെ വര്‍ധനവാണ് വിനോദ സഞ്ചാരമേഖലയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 6.79 മില്ല്യണ്‍ യാത്രക്കാര്‍ മാത്രമാണ് ഇന്ത്യയിലെ വിവിധ വിനോദ സഞ്ചാര മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നത്.
ജനുവരിയ്ക്കും നവംബറിനുമിടയില്‍ ഇന്ത്യയിലെ വിദേശ നാണ്യം വിനോദസഞ്ചാര മേഖലകളില്‍ നിന്നു ലഭിച്ചത് 1,12, 958 കോടിയാണെന്നും ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതും ഒരു പുതിയ റെക്കോര്‍ഡാണ്. ഒരു ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ സാമ്പത്തിക രംഗത്ത് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 1,11,889 കോടി രൂപയാണ് ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയ്ക്കു ലഭിച്ചിരുന്നത്. ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നു ലഭിച്ച കണക്കുകള്‍ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ലോക സാമ്പത്തിക ഫോറം പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ടൂറിസം വിസയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴിയാക്കിയതിന്റെ ഏറ്റവും വലിയ ഗുണമാണ് ഇപ്പോള്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവെന്നാണ് കണക്കാക്കുന്നത്. ഇ ടൂറിസ്റ്റ് വിസ വഴി മാത്രം ഇതേ കാലയളവിനിടെ 3,41,683 യാത്രക്കാരാണ് ഇന്ത്യയില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം 24,963 യാത്രക്കാര്‍ മാത്രം ഇ ടൂറിസ്റ്റ് വിസയില്‍ എത്തിയപ്പോഴാണ് കഴിഞ്ഞ വര്‍ഷം 1268.8 ശതമാനം ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഇതോടൊപ്പം ടൂറിസം രംഗത്ത് പുരോഗതിയുണ്ടാകാന്‍ സര്‍ക്കാരിന്റെ നടപടികളും സഹായിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്. നാഷണല്‍ മിഷന്‍ ഓണ്‍ പില്‍ഗ്രിമേജ് റെജുവെന്റേഷന്‍ ആന്‍ഡ് സ്പിരിച്വല്‍ ഔഗുമെന്റേഷന്‍ ഡ്രൈവ് എന്ന പേരില്‍ കേന്ദ്ര സര്ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതിയാണ് ഇത്തവണ രാജ്യത്തേയ്ക്കു കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കാന്‍ കാരണമായതെന്നാണ് സൂചന ലഭിക്കുന്നത്.