ഭിന്നശേഷിക്കാരിയായ രാജ്യത്തെ ആദ്യ പരസ്യമോഡല്‍…  

 

 

രാജ്യത്തെ ആദ്യ ഭിന്നശേഷിക്കാരിയായ ടെലിവിഷന്‍ മോഡലാവുകയാണ് 26 കാരിയായ മഹാലക്ഷ്മി. ഒരു ടെക്‌സ്‌റ്റൈല്‍ കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചാണ് ഈ ചെന്നൈക്കാരി താരമാകുന്നത്.തന്റെ അംഗപരിമിതികളെയെല്ലാം അതിജീവിച്ചാണ് ഈ പെണ്‍കുട്ടി 44 സെക്കന്റ് പരസ്യത്തില്‍ അണിനിരക്കുന്നത്. പോളിയോ ബാധിതയാണ് മഹാലക്ഷ്മി. എന്നാല്‍ നിന്നും ഇരുന്നുമുള്ള മഹാലക്ഷ്മിയുടെ അഭിനയം കണ്ടാല്‍ ഭിന്നശേഷിക്കാരിയാണെന്ന് ആരും തിരിച്ചറിയില്ല. എന്നാല്‍ പരസ്യത്തിന്റെ അവസാനം വീല്‍ചെയറിലിരിക്കുന്ന രംഗത്തില്‍ മാത്രമാണ് അംഗപരിമിതയാണെന്ന് വെളിപ്പെടുത്തുന്നത്.എഞ്ചിനീയറിംഗ് ബിരുദധാരിയാണ് മഹാലക്ഷ്മി. ഭിന്നശേഷിക്കാര്‍ക്കും മറ്റുള്ളവരെ പോലെ എല്ലാം സാധ്യമാകുമെന്ന് ഈ 26 കാരി പറയുന്നു. പരിശ്രമിച്ചാല്‍ അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്നും അവള്‍ വ്യക്തമാക്കുന്നു. ഒരു സുഹൃത്ത് ഏറെക്കാലമായി മഹാലക്ഷ്മിയെ മോഡലിംഗിനായി പ്രോത്സാഹിപ്പിച്ചു വരികയായിരുന്നു.അങ്ങനെയാണ് ഫാഷന്‍ ഡിസൈനര്‍ ശാലിനി വിശാഖനെ പരിചയപ്പെടുന്നത്. ശാലിനിയുടെ ഭര്‍ത്താവ് വിശാഖനും ഭിന്നശേഷിക്കാരനാണ്. കൂടാതെ ഫാഷന്‍ ഡിസൈനിംഗ് രംഗത്തെ സംരഭകനും. ഭിന്നശേഷിക്കാരിയായ ഒരു മോഡലിന് വേണ്ടി ശാലിനിയും വിശാഖനും അന്വേഷണങ്ങള്‍ നടത്തുന്നതിനിടെയാണ് മഹാലക്ഷ്മിയെ പരിചയപ്പെടുന്നത്. ഭിന്നശേഷിക്കാരെ മോഡലാക്കാന്‍ ആരും ധൈര്യപ്പെടാറില്ലെന്ന് വിശാഖന്‍ ചൂണ്ടിക്കാട്ടുന്നു. അതില്‍ വിഷമിക്കുകയോ പരാതിപ്പെടുകയോ ചെയ്യുന്നതിന് പകരം എന്തുകൊണ്ട് തങ്ങള്‍ക്ക് തന്നെ അത് ചെയ്തുകൂട എന്ന തോന്നലില്‍ നിന്നാണ് മഹാലക്ഷ്മിയെ മോഡലായി അവതരിപ്പിച്ചത്. ജെറാള്‍ഡ് ദിനേഷ് എന്ന ഛായാഗ്രാഹകന്‍ പരസ്യം സൗജന്യമായി ചിത്രീകരിക്കാനുള്ള സന്നദ്ധത അറിയിച്ചു.മേക്കപ്പ് വിദഗ്ധന്‍ സുരേഷ് മേനോനും പിന്‍തുണയുമായെത്തി. ഭിന്നശേഷിക്കാരായവരെ പ്രചോദിപ്പിക്കാനാണ് അവസാന രംഗത്തില്‍ വീല്‍ചെയറിലുള്ള മഹാലക്ഷ്മിയെ അവതിരിപ്പിച്ചത്. അല്ലാതിരുന്നെങ്കില്‍ അവള്‍ പോളിയോ ബാധിതയാണെന്ന് കാണികള്‍ തിരിച്ചറിയില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പരസ്യത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ഇത്തരത്തില്‍ ഇനിയുമേറെ അവസരങ്ങള്‍ നല്‍കുമെന്നും അത് ഈ പരസ്യമേഖലയില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top