മുംബൈ: യാത്രക്കാരന്റെ സാഹസീകതയില്‍ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുംബൈയില്‍ നിന്നും ചണ്ഡീഗഡിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോ 6-ഇ 4134 വിമാനത്തിലാണ് ഒരു യാത്രക്കാരന്‍ അപകടകരായ സാഹചര്യം സൃഷ്ടിച്ചത്.
അക്ഷയ് രമേശ് മോഹന്‍ എന്ന 31-കാരന്റെ നടപടിമുലം 170 മനുഷ്യജീവനാണ് അപകടത്തിലായത്. വിമാനം റണ്‍വേയില്‍ നിന്നും ഓടി ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് ഇയാള്‍ എമര്‍ജന്‍സി എക്സിറ്റ് വാതില്‍ തുറന്നത്.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ഇയാള്‍ 12-സി എന്ന സീറ്റില്‍ ഇരിക്കുകയായിരുന്നു. വിമാനം ചലിച്ച് തുടങ്ങിയതും ഇയാള്‍ പെട്ടെന്ന് ഡോര്‍ തുറക്കുകയും ഇത് കണ്ട് മറ്റ് യാത്രക്കാര്‍ നിലവിളിക്കുകയും ചെയ്തു.
ഉടന്‍ തന്നെ എയര്‍ഹോസ്റ്റസുമാര്‍ ക്യാപ്റ്റനെ വിവരമറിയിക്കുകയും അദ്ദേഹം പെട്ടെന്നു എഞ്ചിന്‍ ഓഫ് ചെയ്യുകയുമായിരുന്നു. വലിയൊരു അപകടമാണ് ഇതോടെ ഒഴിവായത്. ക്യാപ്റ്റന്‍ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഓഫീസര്‍മാരെ വിവരമറിയിക്കുകയും അവര്‍ വന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയുമായിരുന്നു.
എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍ 336 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. സംഭവത്തോടെ വിമാനം രണ്ടു മണിക്കൂറോളം വൈകി.