ജയ്പൂര്‍: റണ്‍വെ ആണെന്ന് കരുതി ഇന്‍ഡിഗോ വിമാനം റോഡില്‍ ലാന്‍ഡ് ചെയ്യാനൊരുങ്ങി പൈലറ്റ്. ജയ്പൂര്‍ വിമാനത്താവളത്തിന് സമീപത്തുള്ള റോഡാണ് പൈലറ്റിന് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ലാന്‍ഡ് ചെയ്യാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കേ പൈലറ്റിന് ലഭിച്ച ഓട്ടോമാറ്റിക് സൈറണാണ് അപകടത്തില്‍ നിന്ന് രക്ഷിച്ചത്.
ഇന്‍ഡിഗോയുടെ അഹമ്മദാബാദ്ജയ്പൂര്‍ വിമാനമാണ് കഴിഞ്ഞ ഫെബ്രുവരി 27ന് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ലാന്‍ഡ് ചെയ്യാന്‍ ഒന്നര മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ വിമാനം ഓട്ടോ പൈലറ്റ് മോഡില്‍ നിന്ന് മാറ്റി ലാന്‍ഡിംഗിന് തയ്യാറെടുക്കുകയായിരുന്നു. പെട്ടന്നാണ് പൈലറ്റിന് ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്ത പ്രതലം എന്ന് സൂചന കോക്പിറ്റില്‍ നിന്ന് ലഭിച്ചത്. പൈലറ്റുമാര്‍ നടത്തിയ ഇടപെടല്‍ മൂലം വിമാനം ശരിയായ റണ്‍വെയില്‍ തന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നു.
സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇന്‍ഡിഗോ പ്രതികരിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഇന്‍ഡിഗോ പ്രാധാന്യം നല്‍കുന്നതെന്നും ഉത്തരവാദികളായവര്‍ക്ക് എതിരെ നടപടി സ്വീകരിച്ചു എന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. സിവില്‍ ഏവിയേഷന്‍ വിഭാഗവും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.