ജക്കാര്‍ത്ത: റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ ഇന്തൊനീഷ്യയില്‍ സുനാമി മുന്നറിയിപ്പ്. ചെറു ഭൂചലനമുണ്ടായി മണിക്കൂറുകള്‍ക്കു ശേഷമാണ് ഇന്തൊനീഷ്യയിലെ സുലാവെസി ദ്വീപില്‍ ശക്തമായ ഭൂചലനമുണ്ടായത്. മധ്യ, പടിഞ്ഞാറന്‍ മേഖലകളിലെ ജനങ്ങളോടു ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സെന്‍ട്രല്‍ സുലാവേസിയിലും പടിഞ്ഞാറന്‍ സുലാവേസിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനങ്ങളോട് ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 7.7 തീവ്രത രേഖപ്പെടുത്തിയ ചലനത്തിനു പിന്നാലെ ചെറുചലനങ്ങളും ദ്വീപിനെ വിറപ്പിച്ചു. ഭൂചലനത്തില്‍ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. തീരത്ത് വസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് ദേശീയ ദുരന്ത മിറ്റിഗേഷന്‍ ഏജന്‍സി വക്താവ് അറിയിച്ചു.
യുഎസ് ജിയോളജിക്കല്‍ സര്‍വേയൂടെ റിപ്പോര്‍ട്ട് പ്രകാരം ദ്വീപിനെ വിറപ്പിച്ച ആദ്യ പ്രകമ്പനം 7.7 തീവ്രതയും തുടര്‍ന്നുണ്ടായ ചലനം 7.5 തീവ്രതയും ആണെന്ന് വ്യക്തമാക്കുന്നു. നേരത്തെയുണ്ടായ ഭൂചലനത്തില്‍ നിരവധി വീടുകള്‍ തകരുകയും ഒരു മരണം സംഭവിച്ചതായും, പത്തോളം പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ പറഞ്ഞു. ശക്തമായ ഭൂചലനത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങളും ആളപായവും ഉണ്ടായതായാണ് അധികൃതര്‍ വിലയിരുത്തുന്നത്.
കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 500 ഓളം പേര്‍ മരിച്ചിരുന്നു. സുലാവസിയില്‍ നിന്നും 100 കിലോമീറ്ററോളം അകലെ തെക്കുപടിഞ്ഞാറുള്ള അവധിക്കാല വിനോദ സഞ്ചാര ദ്വീപായ ലോംബോക്കിലാണ് തുടരെ ഭൂകമ്പം ഉണ്ടായത്. 2004 ല്‍ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ആഞ്ഞടിച്ച സുനമായില്‍ 13 രാജ്യങ്ങളിലായി 226,000 പേരാണ് മരണമടഞ്ഞത്. ഇമന്താനേഷ്യയില്‍ മാത്രം 120,000 പേര്‍ സുനമായിയെ തുടര്‍ന്ന് മരിച്ചിരുന്നു.