പരസ്യം ചതിച്ചു; ഇന്ദുലേഖയും ധാത്രിയും കുടുങ്ങി..!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തെറ്റായ പരസ്യം നൽകി ഉപഭോക്താക്കളെ കബളിപ്പിച്ച കുറ്റത്തിനു പ്രമുഖ ഉൽപ്പന്നങ്ങൾ ഡ്രഗ്‌സ് കണ്ട്രോൾ വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇന്ദുലേഖ, ധാത്രി, ശ്രീധരീയം എന്നിവയുടെ ഉൽപ്പന്നങ്ങളാണ് സംസ്ഥാനവ്യാപകമായി റെയ്ഡ് നടത്തി പിടിച്ചെടുത്തത്. ഇടുക്കി ഒഴികെയുള്ള ജില്ലകളിലെ സൂക്ഷിപ്പ് കേന്ദ്രങ്ങളും നിർമ്മാണ കേന്ദ്രങ്ങളിലും ഇന്ന് രാവിലെ മുതലായിരുന്നു ഡ്രഗ്‌സ് കണ്ട്രോൾ വിജിലൻസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റെയ്ഡ്. ശ്രീധരീയം സ്മാർട്ട് ലീൻ, ഇന്ദുലേഖ ഗോൾഡ് ഹെയർ കെയർ ഓയിൽ , ധാത്രി ഫെയർ ക്രീം, ധാത്രി ഹെയർ ഓയിൽ എന്നീ പ്രമുഖ ഉൽപ്പന്നങ്ങൾ വ്യാജ പരസ്യം നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുകയായിരുന്നു എന്നും സർക്കാർ ലൈസൻസ് നൽകിയ ഉൽപ്പന്നങ്ങൾ അല്ല വിപണിയിൽ ഇറക്കിയതെന്നും റെയ്ഡിൽ കണ്ടെത്തി. തുടർന്ന് അമ്പതു ലക്ഷത്തോളം രൂപയുടെ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഡ്രഗ്‌സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്റ്റ് പ്രകാരം വ്യാജപരസ്യം നൽകിയതിനും മിസ് ബ്രാന്റിംഗ് നടത്തിയതിനും ഉപഭോക്താക്കളെ വഞ്ചിച്ചതിനും നിർമ്മാതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റെയ്ഡ് സംബന്ധിച്ച വാർത്ത എല്ലാ ചാനലുകളേയും അറിയിച്ചെങ്കിലും കമ്പനികൾ ഇടപെട്ട് വാർത്ത മുക്കി.
ഈയിടെയായി ധാത്രി, ഇന്ദുലേഖ, ശ്രീധരീയം എന്നീ പ്രമുഖ ബ്രാൻഡുകൾ വലിയ തോതിൽ പരസ്യം നൽകിയിരുന്നു. മുടി കൊഴിച്ചിൽ തടയുന്നു, മുടി വളർത്തുന്നു, തടി കുറയ്ക്കുന്നു എന്നിങ്ങനെ ഉപഭോക്താവിനെ വഞ്ചിക്കുന്ന രീതിയിൽ ആണ് പരസ്യം നൽകുന്നത്. വ്യാജ അവകാശവാദം പരസ്യം നൽകുന്നതിനെതിരെ സംസ്ഥാന സർക്കാരിന് ലഭിച്ച പരാതിയിന്മേൽ ആരോഗ്യവകുപ്പ് സെക്രെട്ടറി നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഇന്നീ റെയ്ഡും നടപടികളും ഉണ്ടായത്. പരസ്യത്തിലൂടെ തെറ്റായ അവകാശവാദം നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് ഡ്രഗ്‌സ് ആൻഡ് മാജിക്കൽ റെമഡീസ് ആക്റ്റ് പ്രകാരം ഒരു വര്ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ലൈസൻസ് ലഭിച്ച ഉൽപ്പന്നങ്ങൾ അല്ലാതെ വ്യാജ ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിൽ എത്തിച്ചതിനു മിൻസ് ബ്രാന്റിങ്ങിനും കേസെടുത്തിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിൽ നിന്നും പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾ കൂടുതൽ പരിശോധനയ്ക്ക് അയക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും ഇത്തരം പരസ്യങ്ങളിൽ ജനങ്ങൾ വഞ്ചിതരാകാതെ നോക്കണമെന്നും ഡ്രഗ്‌സ് കണ്ട്രോളറുടെ ഓഫീസ് അറിയിച്ചു.
ഈ വിവരം അറിഞ്ഞിട്ടും വാർത്താ ചാനലുകൾ ഒന്നും ഇതുസംബന്ധിച്ച വാർത്ത നൽകിയില്ല. ലക്ഷക്കണക്കിനു രൂപയുടെ പരസ്യമാണ് മൂന്നു ബ്രാൻഡുകളും മാധ്യമങ്ങൾക്ക് നൽകുന്നത്. നേരത്തെ ഈസ്‌റ്റേൺ ഫാക്ടറിയിൽ റെയ്ഡ് നടത്തി മുളകുപൊടി നശിപ്പിച്ച വാർത്തയും മറ്റു മാധ്യമങ്ങൾ മുക്കിയിരുന്നു. ബന്ധപ്പെട്ട കമ്പനികളുടെ പ്രതികരണം അറിയാൻ നിരവധി തവണ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top