ന്യുഡല്‍ഹി :നടനും എംപിയുമായ ഇന്നസെന്റ് സമരത്തിനൊരുങ്ങുന്നു. അങ്കമാലി, ചാലക്കുടി റെയില്‍വെ സ്റ്റേഷനുകളില്‍ പാലരുവി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുക, ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയില്‍വെ വികസന പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇന്നസെന്റിന്റെ സത്യാഗ്രഹ സമരം. മേയ് 13ന് രാവിലെ ഒമ്പതുമണി മുതല്‍ ചാലക്കുടി റെയില്‍വെ സ്റ്റേഷന് മുന്നിലാണ് ഇന്നസെന്റിന്റെ സമരം.2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ചാലക്കുടി മണ്ഡലത്തിലെ റെയില്‍വെ വികസനത്തിനായി സമഗ്ര നിര്‍ദേശം തയ്യാറാക്കി കേന്ദ്രത്തിനും റെയില്‍വെ മന്ത്രാലയത്തിനും സമര്‍പ്പിച്ചിരുന്നതാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ റെയില്‍വെ അവഗണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സമരത്തിലേക്ക് തിരിയുന്നതെന്നും ഇന്നസെന്റ് പറഞ്ഞു. പുനലൂരില്‍ നിന്നും പാലക്കാടേക്കുളള പാലരുവി എക്‌സ്പ്രസിന് ആലുവ, അങ്കമാലി, കൊരട്ടി അങ്ങാടി, ചാലക്കുടി റെയില്‍വെ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് രണ്ടുമാസം മുന്‍പ് നടത്തിയ ചര്‍ച്ചയില്‍ റെയില്‍വെ മന്ത്രിയുള്‍പ്പെടെയുളളവരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആലുവയില്‍ മാത്രമാണ് ഇതിന് സ്റ്റോപ്പുളളത്. എറണാകുളത്ത് നിന്നും അടുത്തിടെ സര്‍വീസ് ആരംഭിച്ച രണ്ട് അന്ത്യോദയ ട്രെയിനുകള്‍ക്ക് ആലുവയില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ധന്‍ബാദ്- ആലപ്പി, നേത്രാവതി, ജനശതാബ്ദി, വേണാട് എക്‌സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എന്നിങ്ങനെ നിരവധി ട്രെയിനുകള്‍ക്ക് മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തിലെല്ലാം കടുത്ത അലംഭാവമാണ് റെയില്‍വെയില്‍ നിന്നും ഉണ്ടാകുന്നത്.
മണ്ഡലത്തിലെ റെയില്‍വെ സ്റ്റേഷനുകളുടെ ആധുനീകരണവും വികസനവും സാധ്യമാക്കുന്നതിന് അടിയന്തര നടപടി വേണമെന്നും ആലുവ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. മണ്ഡലത്തിലെ റെയില്‍വെ വികസനം മുന്‍നിര്‍ത്തി കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ റെയില്‍വെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്തിരുന്നു. കൂടാതെ കേന്ദ്ര റെയില്‍വെ മന്ത്രി, റെയില്‍വെ ബോര്‍ഡ് എന്നീ തലങ്ങളില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനങ്ങള്‍ ഉണ്ടാകാത്തിനാലാണ് സമരത്തിന് ഇറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.