മകളെ തട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ പദ്ധതി ഇട്ടിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ കമലഹാസന്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്.
ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ എന്നീ രണ്ട് മക്കളില്‍ ആരെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.
1994ല്‍ റിലീസ് ചെയ്ത കമലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ മഹാനദിയുടെ പിറവിക്ക് പിന്നിലുള്ള കാരണം ഇതാണെന്നാണ് നടന്റെ വെളിപ്പെടുത്തല്‍.
സന്താന ഭാരതി സംവിധാനം ചെയ്ത ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയത് കമല്‍ തന്നെയായിരുന്നു. നായകന്റെ മകളെ തട്ടിക്കൊണ്ടുപോയി വേശ്യാവൃത്തിക്കാര്‍ക്ക് വില്‍ക്കുന്നതാണു മഹാനദിയുടെ ഇതിവൃത്തം.
സിനിമയുടെ പ്രമേയം വലിയ ചര്‍ച്ചയായിരുന്നെങ്കിലും അതിനു പിന്നിലെ കാരണം കമല്‍ഹാസല്‍ പറഞ്ഞിരുന്നില്ല. ഇപ്പോള്‍ മക്കള്‍ മുതിര്‍ന്നിരിക്കുന്നെന്നും അവര്‍ക്കു ഈ ലോകത്തിന്റെ കാര്യങ്ങളെല്ലാം മനസ്സിലാക്കാനുള്ള പക്വതയുണ്ടെന്നും കമല്‍ പറഞ്ഞു.
മക്കളുടെ കുട്ടിക്കാലത്ത് വീട്ടിലെ ജോലിക്കാര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടത്. മകളെ തട്ടിക്കൊണ്ടുപോയി പണമുണ്ടാക്കാനാണ് അവര്‍ ആലോചിച്ചത്.
അവരുടെ ഗൂഢാലോചന ഞാന്‍ കണ്ടുപിടിച്ചു. ദേഷ്യം വന്ന ഞാന്‍ എന്റെ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി അവരെ കൊല്ലാന്‍ പോലും ഞാന്‍ തയ്യാറായിരുന്നു.
പക്ഷേ മനസ്സിനെ നിയന്ത്രിച്ചു. കുറച്ച് നാളുകള്‍ക്ക് ശേഷം ഒരു കഥ എഴുതാന്‍ ഞാന്‍ ഇരുന്നപ്പോള്‍ ഈ സംഭവം എഴുത്തിലും പ്രതിഫലിച്ചെന്ന് കമല്‍ പറഞ്ഞു.