ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷന്‍ ജാദവിെന്‍റ വധശിക്ഷക്ക് സ്റ്റേ. അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് വധശിക്ഷക്ക് സ്റ്റേ അനുവദിച്ചത്. കുല്‍ഭൂഷന്‍ ജാദവിെന്‍റ വധശിക്ഷക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ചാരവൃത്തി ആരോപിച്ചാണ് പാകിസ്താന്‍ പട്ടാള കോടതി കുല്‍ഭൂഷന്‍ ജാദവിനെ വധശിക്ഷക്ക് വിധിച്ചത്.
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യാന്തര കോടതിയിലെ നടപടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ജാദവിന്റെ അമ്മയെ അറിയിച്ചു. ഹരീഷ് സാല്‍വേയാണു ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര കോടതിയില്‍ ഹാജരായത്.ഇന്ത്യയുടെ ചാരസംഘടനയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥനാണു ജാദവെന്നായിരുന്നു പാക്കിസ്ഥാന്റെ ആരോപണം. ബലൂചിസ്ഥാനിലും സിന്ധിലും ഭീകരപ്രവര്‍ത്തനം നടത്തുന്നതിനായി ഹുസൈന്‍ മുബാറക് പട്ടേല്‍ എന്ന പേരു സ്വീകരിച്ചതായി മജിസ്ട്രേട്ടിനു മുന്‍പില്‍ കുല്‍ഭൂഷണ്‍ ജാദവ് കുറ്റസമ്മതം നടത്തുന്ന വിഡിയോ പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു.
എന്നാല്‍ കേന്ദ്രസര്‍ക്കാരിനു ജാദവുമായി ബന്ധമില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ നാവികസേനയില്‍ കമാന്‍ഡറായി 2003 വരെ പ്രവര്‍ത്തിച്ചു. അതിനുശേഷം ഇറാനിലെ ചാഹ്ബഹാറില്‍ വ്യാപാരം നടത്തുകയായിരുന്നു.
2016 മാര്‍ച്ച് മൂന്നിന് ഇറാനില്‍നിന്നു പാക്കിസ്ഥാനിലേക്കു കടക്കാന്‍ ശ്രമിക്കവെയാണ് അദ്ദേഹത്തെ പാക്ക് പൊലീസ് പിടികൂടിയത്. ജാദവിനു ബലൂചിസ്ഥാനിലെ ഭീകരസംഘടനയായ ഹാജി ബലൂചുമായി ബന്ധമുണ്ടെന്നും പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തിയിരുന്നു. ജാദവിനെ കാണാന്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥന്മാര്‍ക്ക് അനുമതി നല്‍കണമെന്നു 13 തവണ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും പാക്കിസ്ഥാന്‍ തയാറായില്ല.ജാദവിനെ കാണാന്‍ അദ്ദേഹത്തിന്റെ അമ്മയും അനുമതി തേടിയിരുന്നു. നിയമപരമായ സഹായം നല്‍കാനും അവര്‍ ഒരുക്കമായിരുന്നില്ല. നയതന്ത്ര ബന്ധങ്ങള്‍ സംബന്ധിച്ച വിയന്ന കണ്‍വന്‍ഷന്റെ ഹീനമായ ലംഘനമാണു പാക്കിസ്ഥാനിന്റേതെന്നു രാജ്യാന്തര കോടതിയിലെ ഹര്‍ജിയില്‍ ഇന്ത്യ സൂചിപ്പിച്ചു.ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാമ്പിലുണ്ടായ ആക്രമണത്തെ തുടർന്ന് നിർത്തിവെച്ച ഉഭയകക്ഷി ചർച്ച തുടങ്ങാൻ ഇന്ത്യ തീരുമാനിച്ചതിനിടെയാണ് കുൽഭൂഷന് വധശിക്ഷ വിധിച്ചത്.