കാറപകടത്തില്‍ ഗുരുതര പരിക്കേറ്റ് കിടപ്പിലായ ശേഷം മകള്‍ തന്നെ ശുശ്രൂഷിക്കാന്‍ തയ്യാറാകുന്നില്ലെന്ന പരാതിയുമായി കുടുംബകോടതിയില്‍ കേസുമായി ഒരച്ഛന്.
ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ പുയാങ്ങില്‍ താമസിക്കുന്ന ഷാങ് എന്നയാളാണ് മകള്‍ക്കെതിരേ കോടതിയെ സമീപിച്ചത്.
മകളില്‍ നിന്നും ജീവനാവശ്യമായി ഓരോ മാസവും 1,500 യുവാന്‍ (17,816 രൂപ) ആവശ്യപ്പെട്ടാണ് കേസ് കൊടുത്തത്. കാറപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ ഷാങ്ങിനെ ശുശ്രൂഷിക്കാന്‍ മകള്‍ വിസമ്മതിച്ചിരുന്നു.
കോളജ് വിദ്യാര്‍ത്ഥിയായ മകളോട് തന്നെ ശുശ്രൂഷിക്കാന്‍ വരണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും മകള്‍ വന്നില്ലെന്ന് ഇയാള്‍ ആരോപിക്കുന്നു. പഠനം മുടക്കി വീട്ടിലേക്ക് വരാന്‍ മകള്‍ തയാറായില്ലെന്നും ഇയാള്‍ പറയുന്നു. നിരവധി തവണ മകള്‍ക്ക് സന്ദേശമയച്ചെങ്കിലും മറുപടിയുണ്ടായില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്നും പരാതിയിലുണ്ട്. തുടര്‍ച്ചയായി മകളെ വിളിച്ചപ്പോള്‍ മകള്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത മകളുടെ നടപടിയില്‍ പ്രകോപിതനായാണ് മകള്‍ക്കെതിരെ കേസുമായി അദ്ദേഹം കോടതിയെ സമീപിച്ചത്. എന്നാല്‍, കോളേജില്‍ നിന്ന് തനിക്ക് അവധി കിട്ടാത്തതിനാലാണ് താന്‍ വരാതിരുന്നതെന്ന് ഷാങ്ങിന്റെ മകള്‍ കോടതിയില്‍ പറഞ്ഞു.
കൂടാതെ തനിക്ക് രണ്ട് സഹോദരന്മാര്ക്ക് കൂടിയുണ്ടെന്നും അവരെ ശുശ്രൂഷയ്ക്ക് വിളിക്കാതെ തന്നെ മാത്രമാണ് ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാന്‍ പിതാവ് ശ്രമിക്കുന്നതെന്നും മകള്‍ കോടതിയെ അറിയിച്ചു.
മകള്‍ കോളേജില്‍ പഠിക്കുകയാണെന്നതിനാല് ഭാരിച്ച തുക അവള്‍ക്ക് താങ്ങാനാകില്ലെന്ന് കോടതി വിലയിരുത്തി. പകരം, അച്ഛനോട് കൂടുതല്‍ കരുണയോടെ പെരുമാറാനും പഠനം തടസപ്പെടാതെ അച്ഛനെ പരിപാലിക്കാനുള്ള ഒരു മാര്‍ഗം കണ്ടെത്താനും കോടതി മകളെ ഉപദേശിച്ചു.