
സ്വന്തം ലേഖകൻ
കൊച്ചി: അന്താരാഷ്ട്ര നേഴ്‌സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് ആശംസയുമായി നിപ ബാധിച്ച് അന്തരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ. ആദ്യമായൊരു സർജറിയെ നേരിടുന്ന എല്ലാ ടെൻഷനോടും കൂടി സ്റ്റോൺ ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റാണ് സജീഷ്.
സർജറിക്കിടയിൽ നേഴ്‌സുമാരുടെ ആത്മസമർപണവും ത്യാഗ മനോഭാവവും നേരിട്ടനുഭവിക്കാനിടയായി. ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു. ‘ലിനീ.. നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലുമെന്നാണ് സജീഷ് കുറിച്ചിരിക്കുന്നത്.
സജീഷ് പുത്തൂരിന്റെ ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം
അന്താരാഷ്ട്ര നഴ്‌സസ് ദിനം
ദുരിതം പെയ്യുന്ന ഈ മഹാമാരി കാലത്ത് വീണ്ടും ഒരു നഴ്‌സസ് ദിനം. കൊറോണയുടെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച ജനതയ്ക്ക് സര്‍വതും മറന്ന് അഹോരാത്രം സേവനം ചെയ്യുന്ന നേഴ്‌സിംഗ് സഹോദരിമാര്‍ക്ക് ഹൃദയം നിറഞ്ഞ നഴ്‌സസ് ദിന ആശംസകള്‍.
ജീവിതത്തില്‍ ആദ്യമായി, ഒരു സ്റ്റോണ്‍ സര്‍ജറിക്കായി കോഴിക്കോട് ബേബി മെമോറിയല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാണ്. സര്‍ജറി വളരെ ഭംഗിയായി നടന്നു. അതിനിടയിലെ അനുഭവങ്ങള്‍ ഈ അവസരത്തില്‍ പങ്കുവെയ്ക്കുന്നു. ആശുപത്രിയില്‍ പരിശോധനയ്ക്ക് വന്നതുമുതല്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. വിനീത് സാര്‍ കാട്ടിയ സ്‌നേഹവും കരുതലും ഒരിക്കലും മറക്കാനാവുന്നതല്ല. ഒപ്പം യൂറോളജി ഡിപാര്‍ടുമെന്റിലെ ഡോക്ടര്‍മാരുടെ പ്രത്യേകശ്രദ്ധയും സ്‌നേഹവും അനുഭവിക്കുകയുണ്ടായി.
ആദ്യമായൊരു സര്‍ജറിയെ നേരിടുന്ന എല്ലാ ടെന്‍ഷനുമുണ്ടായിരുന്നു. തിയേറ്ററില്‍ പ്രവേശിപ്പിച്ച ഉടനെ നേഴ്‌സുമാര്‍ തന്ന ആത്മധൈര്യം വളരെ വലുതായിരുന്നു. അവരുമായുള്ള സ്‌നേഹ സംഭാഷണങ്ങള്‍ക്കിടയില്‍ ലിനിയുടെ സേവനമഹത്വത്തില്‍ അവര്‍ പറഞ്ഞത് ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. ‘We are proud of her, she will always with our heart’.
സര്‍ജറിക്കിടയില്‍ നഴ്‌സുമാരുടെ ആത്മസമര്‍പ്പണവും ത്യാഗമനോഭാവവും നേരിട്ടനുഭവിക്കാനിടയായി. ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു. ലിനീ… നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും……
സര്‍ജറിക്കു ശേഷം ഐ സി യുവിലുള്ള നേഴ്‌സുമാരുടെ കരുതലും സ്‌നേഹവും മുറിയിലെത്തിയപ്പോഴുള്ള നഴ്‌സുമാരുടെ പരിചരണം ഇതൊന്നും മറക്കാനാവാത്തതാണ്.
സഹോദരിമാരെ..
നിങ്ങളുടെ സേവനം തന്നെയാണ് ലോകത്തിലെ ഏറ്റവും മഹത്വരമായത് എന്ന് ഈ സമയത്ത് ഓര്‍മപ്പെടുതട്ടെ.
ഏത് മഹാമാരിക്കും മുന്നില്‍ നിന്ന് പട നയിക്കാന്‍ നിങ്ങളുണ്ടെങ്കില്‍ നമ്മളൊരിക്കലും തോല്‍ക്കില്ല.
ഇതും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. ഒരിക്കല്‍ കൂടി എല്ലാ നേഴ്‌സുമാര്‍ക്കും സ്‌നേഹം നിറഞ്ഞ നഴ്‌സസ് ദിന ആശംസകള്‍.
നന്ദി.. നന്ദി… നന്ദി ……….
#staysafe #stayhome #savelivse
#InternationalNursesDay