കാസര്‍കോട് : കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ 5 ദമ്പതികളടക്കം 18പേര്‍ പശ്ചിമേഷ്യന്‍ ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്നെന്ന സൂചനകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സിയായ റോ’ (റിസര്‍ച്ച് ആന്‍ഡ് നാലിസിസ് വിംഗ് ) അന്വേഷണം തുടങ്ങി. പൊലീസും സമാന്തരമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസര്‍കോട്, പാലക്കാട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നാണ് ഇവരെ കാണാതായിരിക്കുന്നത്. ഇതില്‍ പതിനഞ്ച് പേരെയും കാണാതായിരിക്കുന്നത് കാസര്‍കോട്ടുനിന്നാണ്.
കാണാതായവരില്‍ ചിലര്‍ ഞങ്ങള്‍ യഥാര്‍ത്ഥ ഇസ്ലാമിക രാജ്യത്തെത്തി’ എന്ന് സന്ദേശമയച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. കാണാതായവരില്‍ മിക്കവരുടെയും ബന്ധുക്കളില്‍ നിന്ന് റോ’ ഉദ്യോഗസ്ഥസംഘം ഇന്നലെ മൊഴിയെടുത്തു. അതേസമയം കാണാതായവര്‍ വിദേശത്തേക്ക് കടന്നു എന്നല്ലാതെ മറ്റൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജിപി ലോക് നാഥ് ബെഹ്റ അറിയിച്ചു.
കാസര്‍കോട്ടെ പടന്ന, ഉടുമ്പുന്തല, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലായി എട്ടോളം വീടുകള്‍ കേന്ദ്രീകരിച്ചാണ് റോയുടെ അന്വേഷണം. സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയി തിരിച്ചുവരാത്തവരെക്കുറിച്ചും വിവരം ശേഖരിച്ചുവരികയാണ്.ഉടുമ്പുന്തലയിലെ അബ്ദുള്ളയുടെ മകന്‍ അബ്ദുള്‍ റാഷിദ് (29 ), എറണാകുളം സ്വദേശിയായ ഭാര്യ സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ (28 ), മകള്‍ രണ്ടര വയസുകാരി സാറ, തൃക്കരിപ്പൂര്‍ ടൗണിലെ ഇസ്മായിലിന്റെ മകന്‍ മെര്‍വാന്‍ (22 ) എന്നിവരെ കഴിഞ്ഞ മേയ് 28 മുതല്‍ കാണാനില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ദമ്പതികളും മെര്‍വാനും തൃക്കരിപ്പൂര്‍ ആയിറ്റിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്&സ്വ്ഞ്;കൂള്‍ ജീവനക്കാരാണ്.
ദുബായില്‍ വ്യാപാരിയായ പിതാവ് അബ്ദുള്ളയില്‍ നിന്നു ഒരു ലക്ഷം രൂപ വാങ്ങിയ റാഷിദ് കുടുംബസമേതം മുംബയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് നാട്ടില്‍ നിന്നു യാത്രയായത്. എന്നാല്‍ മൂന്നാഴ്ച മുമ്പ് എറണാകുളത്താണുള്ളതെന്ന് പറഞ്ഞ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് ചുരുങ്ങിയത് നാല്പത് തവണയെങ്കിലും മകനുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് അബ്ദുള്ള പറയുന്നു. ഒരാഴ്ചയായി റാഷിദിന്റെ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. പന്ത്രണ്ടാം ക്ലാസു വരെ ഒമാനിലാണ് റാഷിദ് പഠിച്ചിരുന്നത്. തുടര്‍ന്നു എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗിനായി എറണാകുളത്ത് ചേര്‍ന്നു. പാലായിലെ കോളേജില്‍ നിന്നാണ് ബി.ടെക് ബിരുദമെടുത്തത്. സഹപാഠിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചശേഷം ഗള്‍ഫിലേക്ക് പോയി.
വൈകാതെ എറണാകുളത്ത് തിരിച്ചെത്തി സ്വകാര്യ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയില്‍ മാനേജരായി. പിന്നീട് ചില ബുദ്ധിമുട്ടുകള്‍ പറഞ്ഞ് കമ്പനിയില്‍ നിന്നു വിട്ട് നാട്ടിലെത്തി. നാലു വര്‍ഷം മുമ്പാണ് ആയിറ്റിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്&സ്വ്ഞ്;കൂളില്‍ ജോലിക്ക് ചേര്‍ന്നത്. അതിനിടയില്‍ ഭാര്യ സോണിയ മതം മാറി ആയിഷയായി. സ്&സ്വ്ഞ്;കൂളിന്റെ ആവശ്യത്തിനായി മുംബയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മെര്‍വാന്‍ മേയ് 28ന് വീട്ടില്‍ നിന്നിറങ്ങിയത്.<ബര്‍ />
<ബര്‍ />
പാലക്കാട് യാക്കര സ്വദേശികളായ സഹോദരങ്ങളായ യഹ്യ, ഈസ എന്നിവരെയും അവരുടെ ഭാര്യമാരേയുമാണ് കഴിഞ്ഞ ജൂണ്‍ ആറ് മുതല്‍ കാണാതായത്. ബക്സന്‍ വിന്‍സന്റ്, അനിയന്‍ ബട്സന്‍ എന്നിവരാണ് മതം മാറി യഥാക്രമം ഈസ, യഹ്യ എന്നീ പേരുകള്‍ സ്വീകരിച്ചത്. കാണാതായ തിരുവനന്തപുരം മണക്കാട് സ്വദേശിയും കാസര്‍കോട്ടെ ദന്തല്‍ കോളേ വിദ്യാര്‍ത്ഥിനിയുമായിരുന്ന നിമിഷ എന്ന ഫാത്തിമ ഈസയുടെ ഭാര്യയാണ്. ഈസയെ പ്രണയിച്ച് വിവാഹം കഴിച്ചാണ് നിമിഷ മതം മാറി ഫാത്തിമയെന്ന പേര് സ്വീകരിച്ചത്. ഈസയുടെ വീട്ടിലുണ്ടായിരുന്ന നിമിഷയെക്കുറിച്ച് ജൂണ്‍ നാലിന് ശേഷം വിവരങ്ങളൊന്നുമില്ല. യഹ്യയുടെ ഭാര്യ മറിയ കൊച്ചി സ്വദേശിയാണ്. മറിയ കൊച്ചി തമ്മനം സ്വദേശി മെറിനാണെന്ന് വ്യക്തമായി. 22 കാരിയായ മെറിന്‍ മതം മാറുകയും പിന്നീട് ശ്രീലങ്കയില്‍ മത പഠനത്തിനും പോവുകയുമായിരുന്നു.മൂന്നാഴ്ചയായി മകളെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് മാതാവ് മിനി വെളിപ്പെടുത്തി. 2015 നവംബര്‍11 മുതല്‍ നിമിഷയെ കാണാനില്ലായിരുന്നുവെന്ന് അമ്മ ബിന്ദു പറഞ്ഞു. തുടര്‍ന്നു ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. ഇതേ തുടര്‍ന്നു ഇവരെ കോടതിയില്‍ ഹാജരാക്കി. ഈസയ്ക്കൊപ്പം ജീവിക്കാന്‍ തയ്യാറാണെന്നു മകള്‍ അറിയിച്ചതിനെ തുടര്‍ന്ന് കോടതി വിട്ടു. മകള്‍ പിന്നീട് താനുമായി ഫോണില്‍ ബന്ധപ്പെടുകയും നേരില്‍ കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു. ഗര്‍ഭിണിയായ ശേഷം വീട്ടിലെത്തിയ മകളെ താന്‍ സ്വീകരിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. മൂന്നുമണിക്കൂര്‍ വീട്ടില്‍ ചിലവിട്ടശേഷമാണ് തിരിച്ചുപോയത്. ഇതിനിടെ സ്വന്തം പേരിലുള്ള ഒന്നരക്കോടിയുടെ സ്വത്തുക്കള്‍ ഈസ രണ്ടാനമ്മയുടെ പേരിലേക്ക് മാറ്റിയെന്നും ബിന്ദു ആരോപിച്ചു.
ഏതാനും മാസം മുന്‍പു ഈസ തന്നെ വിളിച്ചു കാര്‍പ്പെറ്റുമായി ബന്ധപ്പെട്ട ബിസിനസ് ആവശ്യത്തിനായി നിമിഷയോടൊപ്പം ശ്രീലങ്കയിലേക്ക് പോകുകയാണെന്ന് അറിയിച്ചിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് പോകരുതെന്ന് മകളോട് പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഓഗസ്റ്റ് 31 നാണു നിമിഷയുടെ പ്രസവതീയതിയെന്നും ബിന്ദു പറഞ്ഞു. മലയാളികള്‍ ഐസിസിലെത്തിയതായ വാര്‍ത്ത പത്രങ്ങളില്‍ കണ്ടപ്പോഴാണ് കാണാതായവരില്‍ തന്റെ മകളും ഉള്‍പ്പെട്ടതായി മനസിലായത്.