രാഷ്ട്രീയ ലേഖകൻ
തിരുവനന്തപുരം: സ്ഥാനാർഥി നിർണയം പൂർത്തിയായപ്പോൾ ഐ ഗ്രൂപ്പ് പുകയുന്നു. സ്ഥാനാർഥിത്വം പ്രതീക്ഷിച്ച പല പ്രമുഖരും പട്ടികയ്ക്ക് പുറത്തായതോടെ വലിയ പ്രതിഷേധമാണ് ഐ ഗ്രൂപ്പിൽ ഉടലെടുത്തിരിക്കുന്നത്. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റും ചെന്നിത്തലയുടെ വിശ്വസ്തനുമായ ആർ ചന്ദ്രശേഖരനടക്കം സീറ്റ് ലഭിക്കത്തവരുടെ പട്ടികയിലാണ്.
തലസ്ഥാന ജില്ലയിലെ ഐ ഗ്രൂപ്പിന്റെ ശക്തമായ സാന്നിധ്യമായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി നായർ വാമനാപുരത്ത് സ്ഥാനാർഥിയാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇവിടെ ശരത് ചന്ദ്രപ്രസാദിനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇവിടെ വലിയ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്.
ഇറക്കുമതി സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ അടക്കമുള്ള പോഷക സംഘടനാ നേതാക്കൾക്കും സീറ്റില്ല. ഐ ഗ്രൂപ്പിന്റെ കൈവശമുണ്ടായിരുന്ന തൃശൂർ ജില്ലയിലെ സീറ്റുകൾ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ അനുകൂലികൾ സ്വന്തമാക്കിയതിൽ കടുത്ത നിരാശയിലാണ് ഇവിടെ നേതാക്കളടക്കം.
തൃശൂർ ജില്ലയിലെ ഐ നേതൃത്വം രണ്ടു തട്ടിലായ സ്ഥിതിയാണ്. സി.എൻ ബാലകൃഷണൻ നിർദ്ദേശിച്ചവരെ ഒഴിവാക്കി സുധീര അനുകൂലികൾക്ക് സീറ്റ് ലഭിച്ചതിൽ അദ്ദേഹം കടുത്ത അതൃപ്തിയിലാണ്. കൂടാതെ അടൂർ പ്രകാശിനടക്കം സീറ്റ് പിന്നീട് ലഭിച്ചത് മുഖ്യമന്ത്രിയുടെ ഇടപെടൽ കൊണ്ടാണെന്ന വിലയിരുത്തലുണ്ട്. ഗ്രൂപ്പു നേതൃത്വം ഡൽഹി ചർച്ചയിൽ കാര്യമായി ഇടപെട്ടില്ലെന്ന പരാതി അടൂർ പ്രകാശിനും ഉണ്ടെന്ന സൂചന പുറത്തു വന്നിട്ടുണ്ട്. ഐ ഗ്രൂപ്പിൽ നിന്ന് അടൂർ പ്രകാശ് എ ഗ്രൂപ്പിലേയ്ക്ക് മാറുന്നുവെന്ന പ്രചരണവുമുണ്ട്.
സ്ഥാനാർഥി നിർണയത്തിൽ ശക്തമായ സമ്മർദ്ദം ചെലുത്താൻ ഐ ഗ്രൂപ്പിനു കഴിഞ്ഞില്ലെന്ന വികാരമാണ് മുതിർന്ന നേതാക്കൾ തന്നെ പങ്കുവയ്ക്കുന്നത്. തെരഞ്ഞെടുപ്പു കഴിയുന്നതോടെ ഗ്രൂപ്പു സമവാക്യങ്ങൾ മാറാനുള്ള സാധ്യതയാണ് തെളിയുന്നത്. എ ഗ്രൂപ്പുകാരനായ സതീശൻ പാച്ചേനിയെ ഐ ഗ്രൂപ്പിന്റെ അക്കൗണ്ടിൽപെടുത്തിയാണ് കണ്ണൂരിൽ സ്ഥാനാർഥിയാക്കിയത്. ഇതുപോലെ ഐ ഗ്രൂപ്പിന്റേയും എ ഗ്രൂപ്പിന്റേയും നോമിനായിയി പട്ടികയിൽ ഇടംപിടിച്ചവർ കളംമാറാനുള്ള സാധ്യത മുന്നിൽകണ്ട് ഇവരെ അതാതു ഗ്രൂപ്പിൽ ഉറപ്പിച്ചു നിർത്താനുള്ള ശ്രമങ്ങളും മാനേജർമാർ ആരംഭിച്ചിട്ടുണ്ട്.
തങ്ങളുടെ ഗ്രൂപ്പിലുള്ളവരെ കൂടുതലായി വിജയിപ്പിച്ച് വിലപേശൽ ശക്തിയാകാനുള്ള ശ്രമം ഇരു ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ രണ്ടു ഗ്രൂപ്പിൽ നിന്നും പ്രമുഖ നേതാക്കളടക്കം പലരും സൂധീരന്റെ കൂടെ പോകുകയാണ്. ഐ ഗ്രൂപ്പിൽ നിന്നുള്ളവരാണ് കൂടുതലായി സുധീര ഗ്രൂപ്പിലേയ്‌യ്ക്ക് കളംമാറിയിരിക്കുന്നത്. വരും ദിവസങ്ങളിലും ഗ്രൂപ്പു സമവാക്യങ്ങൾ മാറി മറയുന്ന അണിയറ നീക്കങ്ങൾ കാണാം.