മുംബൈ: പത്തുമാസം പ്രായമാത്രമുള്ള കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സ്ഥാപന ഉടമയ്ക്കെതിരെ കൊലപാതകശ്രമത്തിനു പൊലീസ് കേസെടുത്തു. പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ഡേ കെയറില്‍വച്ച് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ചവിട്ടുകയും എടുത്തെറിയുകയും ചെയ്ത സംഭവത്തില്‍ ആയ അഫ്സാന ഷെയ്ഖിനെയും ഡെകെയര്‍ സെന്റര്‍ ഉടമ പ്രിയങ്ക നിഖമിനെയും പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. അഫ്സാനയെ റിമാന്‍ഡ് ചെയ്തു. പ്രിയങ്ക നിഖമിനെ ജാമ്യത്തില്‍ വിട്ടു.
മാതാപിതാക്കള്‍ ജോലിക്കുപോകുമ്പോള്‍ ഡേ കെയറിലാക്കിയിരുന്ന പിഞ്ചുകുഞ്ഞിന് ആയയുടെ ക്രൂര പീഡനത്തില്‍ തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റിരുന്നു. കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നവി മുംബൈയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡേ കെയറിലെ മുപ്പതുകാരിയായ ആയയാണ് കൊച്ചുകുട്ടിയെ തല്ലിച്ചതയ്ക്കുകയും എടുത്തെറിയുകയും ചെയ്തത്. നവി മുബൈ ഘാര്‍ഘറില്‍ പ്രവര്‍ത്തിക്കുന്ന പൂര്‍വ ഡേ കെയറില്‍വച്ചാണ് പത്തുമാസം പ്രായമായ പെണ്‍കുഞ്ഞിന് നേരെ ആയ ക്രൂരമായ ആക്രമണം നടത്തിയത്.
ഈ മാസം 21ന് ആണ് കേസിനാസ്പദമായ സംഭവമുണ്ടാത്. ഘാര്‍ഘറില്‍ താമസാക്കിയ രുചിത, രജത് ദമ്പതികളുടെ കുഞ്ഞിനെയാണ് പീഡിപ്പിച്ച് മൃതപ്രായയാക്കിയത്. രാവിലെ ഡെ കെയറില്‍ ഏല്‍പിച്ചശേഷം വൈകീട്ട് ജോലികഴിഞ്ഞെത്തി കൂട്ടിക്കൊണ്ടുപോകവേ കുഞ്ഞിനെ അവശനിലയില്‍ കണ്ടതോടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്നാണ് കുട്ടിയുടെ ശരീരമാസകലം മര്‍ദനമേറ്റതായി കണ്ടതോടെ വിശദമായ പരിശോധന നടത്തി. കുഞ്ഞിന് തലയ്ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു. ഇക്കാര്യം ഡേ കെയര്‍ ജീവനക്കാരോട് അന്വേഷിച്ചെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല എന്നതായിരുന്നു മറുപടി. പിന്നീട് സംശയംതോന്നിയ കുട്ടിയുടെ മാതാപിതാക്കള്‍ ഘാര്‍ഘര്‍ പൊലീസില്‍ പരാതി നല്‍കി. ഡേകെയറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കുഞ്ഞിനെ ആയ ക്രുരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തി
ഡേ കെയറില്‍ എല്ലാ കുഞ്ഞുങ്ങളെയും ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയിള്ളത്. കുഞ്ഞുങ്ങളെ നിര്‍ബന്ധപൂര്‍വം ഉറക്കാനും മറ്റും മയക്കുമരുന്ന് ഉള്‍പ്പെടെ നല്‍കുന്നതായി പലയിടത്തുനിന്നും മുമ്പും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മഹാരാഷ്ട്ര വിനിതാശിശുക്ഷേമ മന്ത്രി പങ്കജ മുണ്ടെ സംഭവത്തില്‍ ഇടപെട്ട് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി.