പൊലീസിൽ കൂട്ടയടി; ഐപിഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോര് രൂക്ഷം; ഡിജിപിയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിൽ എത്തിയതിനു തൊട്ടു പിന്നാലെ ആരംഭിച്ച ഐപിഎസ് ഉദ്യോഗസ്ഥരുടെ പോര് സർക്കാരിനെ പിടിച്ചുലയ്ക്കുന്നു. പിണറായി വിജയൻ തുറന്നു വിട്ട തത്ത ഡിജിപി ലോക്‌നാഥ് ബഹറയെ അടക്കം തിരിഞ്ഞു കൊത്തിയതോടെയാണ് ഐപിഎസ് – ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കവും ചേരിപ്പോരും ഉടലെടുത്തത്. ഇത് സർക്കാരിനെ പോലും പിടിച്ചുലയ്ക്കുന്നു.
ഫോൺ ചോർത്തൽ വിവാദം കൊടുംബിരികൊണ്ടിരിക്കേ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതായുള്ള വാർത്തകൾ പുറത്തു വന്നതോടെയാണ് ഇപ്പോൾ ചേരിപ്പോര് രൂക്ഷമായത്. ലോക്‌നാഥ് ബെഹ്‌റ പൊലീസ് ആസ്ഥാനത്ത് ഐ.ജിയായിരുന്ന കാലയളവിൽ സേനയിലെ ആധുനികവൽക്കരണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആക്ഷേപത്തിലാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഈ കാലയളവിൽ ആധുനികവൽക്കരണവുമായല ബന്ധപ്പെട്ട് ലോക്‌നാഥ് ബെഹ്‌റ നിരവധി വിദേശയാത്രകളും നടത്തിയിരുന്നു. ഡി.ജി.പിക്ക് എതിരെ മാത്രമല്ല ഐ.ജിമാരായ മനോജ് ഏബ്രഹാം, പി.വിജയൻ എന്നിവർക്കെതിരെയും വിജിലൻസ് അന്വേഷണം നടക്കുകയാണ്. മനോജ് എബ്രാഹാമിനെതിരെ സൈബർ ഡോം സംബന്ധിച്ചും പി.വിജയനെതിരെ സ്റ്റുഡന്റ് കേഡറ്റ് പദ്ധതിയുമായി ബന്ധപ്പെട്ടുമാണ് അന്വേഷണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജേക്കബ് തോമസിന്റെ ഈ നടപടി പൊലീസ് സേനയിൽ കടുത്ത അതൃപ്തിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ വിജിലൻസ് ഡയറക്ടർ വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ വേട്ടയാടുകയാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പരാതി. ഇക്കാര്യം അവർ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയെ അറിയിച്ചു കഴിഞ്ഞു. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസ് ചുമതല ഏറ്റെടുത്തശേഷം അറുപതിലധികം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കീഴ്വഴക്കങ്ങൾ ലംഘിച്ചായിരുന്നു ഈ നടപടി.
ഡി.ജി.പിക്കെതിരെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചതും തന്റെ ഔദ്യോഗിക ഫോണും ഇമെയിലും ചോർത്തുന്നുവെന്ന് വിജിലൻസ് ഡയറക്ടറുടെ പരാതിയും ചേർത്ത് വായിക്കേണ്ടതുണ്ട്. ഫോൺ ചോർത്തൽ പരാതി ഇന്റലിജൻസ് മേധാവി ആർ.ശ്രീലേഖയെ ലക്ഷ്യമാക്കിയാണെന്നാണ് സൂചന. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി ഫോൺ ചോർത്തൽ നടത്താമെന്ന ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പ്രസ്താവന വിഷയം കൂടുതൽ വഷളാക്കുകയാണ്. ഐജിമാർക്ക് കേസ് അന്വേഷണത്തിന്റെ ഭാഗമായി അടിയന്തരഘട്ടങ്ങളിൽ ഫോൺ ചോർത്താം. എന്നാൽ ഫോൺ ചോർത്തി മൂന്ന് ദിവസത്തിനുള്ളിൽ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടണം. കേസ് അന്വേഷണത്തിനായി ഫോൺ ചോർത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച കമ്മറ്റിയിലഅംഗമായിരുന്നു ലോകനാഥ് ബെഹ്‌റയുടെ ഈ പ്രസ്താവന ഏറെ പ്രസക്തമാണ്. ഫോൺ ചോർത്തലിനെ ഡി.ജി.പി പരോക്ഷമായി ന്യായീകരിക്കുകയാണ്.
അതേസമയം പൊലീസ് തലപ്പത്തെ തമ്മിലടി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വിജിലൻസ് ഡയറക്ടറും പൊലീസിന്റെ ഉന്നത തലങ്ങളിലുള്ളവരും തമ്മിലുള്ള വിഴുപ്പലക്കൽ സർക്കാരിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തന്റെ ഫോണും ഇമെയിലും ചോർത്തുന്നുവെന്ന ജേക്കബ് തോമസ് പരാതി നൽകിയതും അത് പുറത്തുവിട്ടതിലും മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. മുൻ സർക്കാരിന്റെ കാലയളവിൽ ജേക്കബ് തോമസിന്റെ തുടർച്ചയായ വിവാദ പരാമർശങ്ങളെ അന്നത്തെ പ്രതിപക്ഷ നേതാക്കൾ സ്വാഗതം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നടപടി സർക്കാരിനുതന്നെ തിരിച്ചടിയാവുകയാണ്. ജേക്കബ് തോമസിന്റെ വിശ്വാസ്യതയെക്കുറിച്ചും സർക്കാരിന് സംശയങ്ങൾ ഉയരുകയാണ്. നിലവിലെ സാഹചര്യത്തിൽ നിയമസഭാ സമ്മേളനത്തിനുശേഷം പൊലീസ് തലപ്പത്ത് അഴിച്ചുപ്പണി ഉണ്ടായേക്കും.

Top