സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഐപിഎല്ലിന്റെ പത്താം പതിപ്പ് ആവേശകരമായ അന്ത്യത്തിലേയ്ക്കു നീങ്ങുമ്പോൾ ആവേശം അതിരുകടക്കുന്നു. ബാംഗ്ലൂർ ഒഴികെയുള്ള എല്ലാ ടീമുകളും ഒന്നിനൊന്നു ആവേശത്തോടെ പ്ലേ ഓഫിനായി മത്സരിക്കുമ്പോൾ ഐപിഎൽ പ്ലേ ഓഫിലേയ്ക്കു കടക്കുന്നു.
നിർണായക മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ വിജയം നേടിയതോടെ കിങ്സ് ഇലവൻ പഞ്ചാബിനും ഐപിഎൽ പത്താം സീസണിൽ പ്ലേ ഓഫ് പ്രതീക്ഷകൾ. സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കൊൽക്കത്തയെ 14 റൺസിനാണ് പഞ്ചാബ് തോൽപ്പിച്ചത്. ഇതോടെ 12 മത്സരങ്ങളിൽ 12 പോയിന്റാണ് പഞ്ചാബിന് ഉള്ളത്. ശേഷിക്കുന്ന മത്സരങ്ങൾ ജയിക്കുകയും ഹൈദരാബാദ് അവസാന മത്സരം തോൽക്കുകയും ചെയ്താൽ പഞ്ചാബ് പ്ലേ ഓഫിന് യോഗ്യത നേടും. പഞ്ചാബ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ അറുവിക്കറ്റിന് 153 റൺസ് നേടാനെ സാധിച്ചുള്ളൂ.
സ്‌കോർ: പഞ്ചാബ് ആറിന് 167, കൊൽക്കത്ത ആറിന് 153. നിർണായക നിമിഷത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തി പഞ്ചാബിന് വിജയം സമ്മാനിച്ച മോഹിത് ശർമയാണ് കളിയിലെ താരം. ഓപ്പണർ ക്രിസ് ലിനിന്റെ ഒറ്റയാൾ പോരാട്ടത്തിനും കൊൽക്കത്തയുടെ തോൽവി തടയാനായില്ല. ലിൻ 52 പന്തിൽ 84 റൺസെടുത്തു. എട്ട് ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെട്ടതായിരുന്നു ലിനിന്റെ ഇന്നിംഗ്സ്. മറ്റ് താരങ്ങൾക്കൊന്നുെ കൊൽക്കത്താ നിരയിൽ തിളങ്ങാനായില്ല. ക്യാപ്റ്റൻ ഗംഭീർ (8), ഉത്തപ്പ (0), മനീഷ് പാണ്ഡെ (18) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ ടീം വിജയലക്ഷ്യം നേടാനാകാതെ തകരുകയായിരുന്നു. നേരത്തെ ക്യാപ്റ്റൻ മാക്സ് വെൽ (25 പന്തിൽ 44), സാഹ (38), മനൻ വോറ (25) എന്നിവരുടെ മികവിലാണ് പഞ്ചാബ് ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. കൊൽക്കയ്ക്ക് വേണ്ടി ക്രിസ് വോക്സ് നാലോവറിൽ 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത, റൈസിങ് പൂനെ എന്നീ ടീമുകൾ ഇതിനോടകം പ്ലേ ഓഫിന് യോഗ്യത നേടിയിട്ടുണ്ട്. മുംബൈയ്ക്ക് 12 കളികളിൽ 18 പോയിന്റും കൊൽക്കത്തയ്ക്ക് 13 കളികളിൽ 16 ഉം പൂനെയ്ക്ക് 12 കളികളിൽ 16 ഉം പോയിന്റാണുള്ളത്. നാലാമത്തെ സ്ഥാനത്തിന് വേണ്ടി ഹൈദരാബാദും പഞ്ചാബും തമ്മിലാണ് പോരാട്ടം. പഞ്ചാബിന് രണ്ടും ഹൈദരാബാദിന് ഒന്നും മത്സരങ്ങളാണ് ശേഷിക്കുന്നത്. ഹൈദരാബാദിന് ജയമോ സമനിലയോ മതി യോഗ്യത നേടാൻ. എന്നാൽ പഞ്ചാബിന് ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിക്കുകയും അതോടൊപ്പം ഹൈദരാബാദ് അവസാന മത്സരം തോൽക്കുകയും വേണം.