സ്‌പോട്‌സ് ഡെസ്‌ക്
മുംബൈ: ഐപിഎല്ലിലെ കോഴക്കളികൾ അവസാനമില്ലാതെ തുടരുന്നു. ശ്രീശാന്തിനും, രണ്ട് ഐപിഎൽ ടീമുകൾക്കും പിന്നാലെ ഏറ്റവും ഒടുവിൽ കോഴയിൽ കുടുങ്ങിയത് പാക്കിസ്ഥാൻകാരനായ അംപയറാണ്. ഒത്തുകളി ആരോപണ വിധേയനായ പാകിസ്താൻകാരൻ അമ്പയർ ആസാദ് റൗഫിന് ബി.സി.സി.ഐയുടെ അച്ചടക്ക സമിതി അഞ്ച് വർഷത്തേക്കു വിലക്കേർപ്പെടുത്തി.
59 വയസുകാരനായ ആസാദ് ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ 2013 സീസണിൽ ഒത്തുകളിക്കു കൂട്ടുനിന്നതായി ആരോപണമുണ്ടായിരുന്നു. ബി.സി.സി.ഐ. പ്രസിഡന്റ് ശശാങ്ക് മനോഹർ അധ്യക്ഷനായ അച്ചടക്ക സമിതിയിൽ ജ്യോതിരാദിത്യ സിന്ധ്യ, നിരഞ്ജൻ ഷാ എന്നിവർ അംഗങ്ങളായിരുന്നു.
ഐപിഎല്ലിനെ പിടിച്ചു കുലുക്കിയ കോഴ ആരോപണത്തിൽ രണ്ടു കളിക്കാരെ ആജീവനാന്തകാലത്തേയ്ക്കു വിലക്കുകയും രണ്ടു ടീമുകളെ രണ്ടു വർഷത്തേയ്ക്കു ഐപിഎല്ലിൽ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ചെന്നൈ സൂപ്പർ കിങ്‌സ് ഉടമയും ബിസിസിഐ പ്രസിഡന്റുമായിരുന്ന എൻ.ശ്രീനിവാസനു ടീമിന്റെയും ബിസിസിഐയുടെയും സ്ഥാനങ്ങളും നഷ്ടമാക്കിയത് കോഴ വിവാദമായിരുന്നു.