ഹൈദരാബാദ്: മറാത്ത പോരിൽ മുംബൈ ജേതാക്കൾ. ഒരു റൺസിനാണ് പൂണെ ഐ.പി.എൽ കലാശപ്പോരിൽ തോറ്റത്. മത്സരത്തിലെ അവസാന പന്തിൽ പുണെക്ക് ജയിക്കാൻ വേണ്ടിയിരുന്നത് നാല് റൺസായിരുന്നു. എന്നാൽ മൂന്ന് റൺസെടുക്കാനെ പുണെക്ക് സാധിച്ചുള്ളു. പുണെ സൂപ്പര്‍ ജയന്റിനെ ഒരു റണ്ണിനു വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് കിരീടം. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മല്‍സരത്തില്‍, 129 റണ്‍സെന്ന താരതമ്യേന ദുര്‍ബലമായ സ്കോര്‍ പ്രതിരോധിച്ചാണ് മുംബൈ കിരീടത്തിലേക്കെത്തിയത്. പൊതുവെ ബാറ്റ്സ്മാന്‍മാര്‍ അരങ്ങുതകര്‍ക്കുന്ന ഐപിഎല്ലിന്റെ പത്താം സീസണിലെ കലാശപ്പോരില്‍ ബോളര്‍മാരുടെ പ്രകടനമാണ് നിര്‍ണായകമായത്. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വിഴ്ത്തിയ മിച്ചല്‍ ജോണ്‍സന്‍, നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനം മുംബൈ വിജയത്തില്‍ നിര്‍ണായകമായി. ഒരറ്റത്തു വിക്കറ്റുകള്‍ കൊഴിയുമ്പോഴും അര്‍ധസെഞ്ചുറിയുമായി പോരുതിയ പുണെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ (50 പന്തില്‍ 51) പോരാട്ടം വിഫലമായി.
മിച്ചല്‍ ജോണ്‍സനെറിഞ്ഞ അവസാന ഓവറില്‍ പുണെയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 11 റണ്‍സ്. അര്‍ധസെഞ്ചുറിയുമായി പുണെയുടെ പോരാട്ടം നയിച്ച ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും മികച്ച ഫോമിലുള്ള മനോജ് തിവാരിയും ക്രീസില്‍ നില്‍ക്കെ പുണെയ്ക്ക് വിജയം ഉറപ്പെന്നു കരുതിയ നിമിഷങ്ങള്‍. അവസാന ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ തിവാരി ഈ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു. എന്നാല്‍, രണ്ടാം പന്തില്‍ തിവാരിയേയും മൂന്നാം പന്തില്‍ സ്മിത്തിനെയും മടക്കിയ മിച്ചല്‍ ജോണ്‍സന്‍ മല്‍സരത്തിന് വഴിത്തിരിവുണ്ടാക്കി. അവസാന പന്തില്‍ പുണെയ്ക്ക് വിജയത്തിലേക്ക് നാലു റണ്‍സ് വേണ്ടിയിരിക്കെ നേടാനായത് രണ്ടു റണ്‍സ് മാത്രം. ഒരു റണ്ണിന്റെ ആവേശജയവുമായി മുംബൈ മൂന്നാം വട്ടവും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയെ പുണെ ബോളര്‍മാര്‍ വരിഞ്ഞുമുറുക്കിയതോടെ ഇത് പുണെയുടെ ദിനമാണെന്ന തോന്നലുയര്‍ന്നതാണ്. ജയ്ദേവ് ഉനദ്ഘട് പുണെയ്ക്കായി തുടങ്ങിവച്ച വിക്കറ്റ് വേട്ട ഡാന്‍ ക്രിസ്റ്റ്യന്‍, ആദം സാംപ എന്നിവരും ഏറ്റെടുത്തതോടെ നിശ്ചിത 20 ഓവറില്‍ മുംബൈയ്ക്ക് നേടാനായത് 129 റണ്‍സ് മാത്രം. അനായാസം പുണെ വിജയത്തിലെത്തുമെന്ന് കരുതിയിരിക്കെ, പുണെ ബാറ്റ്സ്മാന്‍മാരെ വരിഞ്ഞുകെട്ടിയ മുംബൈ ബോളര്‍മാര്‍ മല്‍സരത്തിന് അപ്രതീക്ഷിത വഴിത്തിരിവ് സമ്മാനിച്ചു.
ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ നടന്ന ഒന്‍പത് ഐപിഎല്‍ ഫൈനലുകളില്‍ ആറു തവണയും ആദ്യം ബാറ്റു ചെയ്ത ടീമാണ് വിജയിച്ചതെന്ന ചരിത്രത്തെ കൂട്ടുപിടിച്ച് ഇന്നിങ്സ് ആരംഭിച്ച മുംബൈയ്ക്ക് തുടക്കം തൊട്ടേ ബാറ്റിങ്ങില്‍ താളം കണ്ടെത്താനായില്ല. ഒരു ഘട്ടത്തില്‍ 100 കടക്കില്ലെന്ന് തോന്നിച്ച മുംബൈ ഇന്നിങ്സിന്, എട്ടാം വിക്കറ്റില്‍ ക്രുനാല്‍ പാണ്ഡ്യ–മിച്ചല്‍ ജോണ്‍സന്‍ സഖ്യം നേടിയ അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് തുണയായത്. 5.5 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും അവസാന ഓവറുകളില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.
ഒരറ്റത്ത് വിക്കറ്റുകള്‍ കൊഴിയുമ്പോഴും മറുവശത്ത് ക്ഷമയോടെ കളിച്ച ക്രുനാല്‍ പാണ്ഡ്യയാണ് (38 പന്തില്‍ 47, 3ക്സ്4, 2ക്സ്6) മുംബൈയുടെ ടോപ്സ്കോറര്‍. ഇന്നിങ്സിന്റെ അവസാന പന്തില്‍ പുറത്തായ ക്രുനാലിന്, അര്‍ഹമായ അര്‍ധസെഞ്ചുറി തലനാരിഴയ്ക്കാണ് നഷ്ടമായത്. ജോണ്‍സന്‍ 13 പന്തില്‍ 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പുണെയ്ക്കായി ഉനദ്ഘട്, സാംപ, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
മുംബൈ ഓപ്പണര്‍മാരെ മൂന്നാം ഓവറില്‍ പുറത്താക്കിയ ഉനദ്ഘട് പുണെയ്ക്ക് സമ്മാനിച്ചത് ആവേശോജ്വല തുടക്കം. മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ പാര്‍ഥിവ് പട്ടേലിനെ ഷാര്‍ദുല്‍ താക്കൂറിന്റെ കൈകളിലെത്തിച്ച ഉനദ്ഘട്, മൂന്നാം പന്തില്‍ ലെന്‍ഡ്‌ല്‍ സിമ്മണ്‍സിനെ അവിശ്വസനീയമായ ക്യാച്ചിലൂടെ മടക്കി. ഇതോടെ രണ്ടു വിക്കറ്റിന് എട്ടു റണ്‍സ് എന്ന നിലയിലായി മുംബൈ. ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ ആറാം ഓവറില്‍ നാല് ബൗണ്ടറികള്‍ കണ്ടെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുംബൈയെ മല്‍സരത്തിലേക്കു മടക്കിക്കൊണ്ടുവന്നെങ്കിലും, എട്ടാം ഓവറിന്റെ രണ്ടാം പന്തില്‍ സ്റ്റീവ് സ്മിത്തിന്റെ നേരിട്ടുള്ള ഏറില്‍ അമ്പാട്ടി റായിഡുവും കൂടാരം കയറിയതോടെ മുംബൈ വീണ്ടും തകര്‍ന്നു. 15 പന്തില്‍ 12 റണ്‍സായിരുന്നു പുറത്താകുമ്പോള്‍ റായിഡുവിന്റെ സമ്പാദ്യം.
11–ാം ഓവറില്‍ ഇരട്ടുവിക്കറ്റുമായി ആദം സാംപയും വരവറിയിച്ചതോടെ മുംബൈ പരുങ്ങി. ആദ്യ പന്തില്‍ രോഹിത് ശര്‍മയെ (22 പന്തില്‍ 24) മടക്കിയ സാംപ, അവസാന ഓവറില്‍ പൊള്ളാര്‍ഡിനെയും (മൂന്നു പന്തില്‍ ഏഴ്) പുറത്താക്കി. 14–ാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഡാന്‍ ക്രിസ്റ്റ്യന്‍ എല്‍ബിയില്‍ കുരുക്കിയതോടെ പുണെ പിടി മുറുക്കി. ഒന്‍പതു പന്തില്‍ 10 റണ്‍സായിരുന്നു ഹാര്‍ദികിന്റെ സമ്പാദ്യം. തൊട്ടടുത്ത ഓവറില്‍ അനാവശ്യ റണ്ണൗട്ടിലൂടെ കാണ്‍ ശര്‍മയും (അഞ്ചു പന്തില്‍ ഒന്ന്) മടങ്ങി. തുടര്‍ന്നായിരുന്നു മുംബൈയെ താങ്ങിനിര്‍ത്തിയ ജോണ്‍സന്‍–ക്രുനാല്‍ കൂട്ടുകെട്ടിന്റെ തുടക്കം. 5.5 ഓവര്‍ ക്രീസില്‍ നിന്ന ഇരുവരും ഇന്നിങ്സിലെ ഏക അര്‍ധസെഞ്ചുറി കൂട്ടുകെട്ടും കണ്ടെത്തി.