ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്ത് ഉള്‍പ്പെടെയുള്ളതാരങ്ങളെ കുറ്റവിമുക്തനാക്കിയ വിധിയ്‌ക്കെതിരെ അപ്പീല്‍. കേസന്വേഷിച്ച ഡല്‍ഹി പോലീസാണ് വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
പ്രതികള്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും അത് വേണ്ടവിധം പരിഗണിക്കാതെയാണ് പട്യാല ഹൗസ് കോടതി പ്രതികളെ വെറുതെവിട്ടതെന്നും ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ഡല്‍ഹി പൊലീസ് പറയുന്നു. ജൂലൈ അവസാനവാരമാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെ താരങ്ങളായിരുന്ന ശ്രീശാന്ത്, അജിത് ചണ്ഡില, അങ്കിത് ചവാന്‍ എന്നിവരടക്കം ഐ.പി.എല്‍ കേസിലെ 36 പേരെ കോടതി വെറുതെവിട്ടത്. ഐ.പി.എല്‍ ഒത്തുകളിയിലും വാതുവെപ്പിലും അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിനടക്കം ബന്ധമുണ്ടെന്നായിരുന്നു ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലിന്‍െറ കുറ്റപത്രം. ഇതനുസരിച്ച് ശ്രീശാന്ത് അടക്കമുള്ളവര്‍ക്കെതിരെ അധോലോകത്തെ നേരിടാനുള്ള കടുത്ത വ്യവസ്ഥകളടങ്ങിയ ‘മകോക’ നിയമം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
എന്നാല്‍, ദാവൂദുമായുള്ള ബന്ധം സ്ഥാപിക്കുന്നതിനോ ഒത്തുകളി നടത്തിയതിനോ ഒരു തെളിവും ഹാജരാക്കാന്‍ സാധിച്ചില്ളെന്ന് വിലയിരുത്തിയ പട്യാല ഹൗസ് കോടതി മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു.
ശ്രീശാന്തിനെപ്പോലുള്ള മുന്‍നിര ഇന്ത്യന്‍താരത്തിനെതിരെ തെളിവില്ലാതെയാണ് മകോക ചുമത്തിയതെന്ന കോടതിവിധി ഡല്‍ഹി പൊലീസിന് കനത്ത തിരിച്ചടിയായി. ഏറെ മാധ്യമശ്രദ്ധ ലഭിച്ച കേസില്‍ മുഖംരക്ഷിക്കല്‍ നടപടിയെന്ന നിലക്കാണ് ഡല്‍ഹി പൊലീസ് അപ്പീലുമായി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. വിദഗ്ധ നിയമോപദേശം തേടിയെന്നും കേസ് നിലനില്‍ക്കുമെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചതെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.
മകോക ചുമത്താനുള്ള സാഹചര്യവും വസ്തുതകളും പട്യാല ഹൗസ് കോടതി വേണ്ടവിധം പരിഗണിച്ചിട്ടില്ല. മാത്രമല്ല, ശ്രീശാന്ത് അടക്കമുള്ള കളിക്കാര്‍ വാതുവെപ്പുകാരുമായി നടത്തിയ സംഭാഷണത്തിന്‍െറ റെക്കോഡ് തെളിവായുണ്ട്. വാതുവെപ്പുകാരുമായുണ്ടാക്കിയ ധാരണപ്രകാരം കളിക്കളത്തില്‍ പെരുമാറിയതും ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനയും നടത്തിയതിന് തെളിവാണെന്ന് ഡല്‍ഹി പൊലീസ് പറയുന്നു