തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ ഐ.പി.എസ് അസോസിയേഷന്‍. ഉദ്യോഗസ്ഥര്‍ സംസാരിക്കുമ്പോള്‍ മാന്യതയും അന്തസും പാലിക്കണമെന്ന് അസോസിയേഷന്‍ പറഞ്ഞു. ജേക്കബ് തോമസിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു പരാമര്‍ശം. നിലവാരം തകരുന്ന നടപടികള്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. വിന്‍സന്‍ എം. പോളിനെ അനുകൂലിച്ച് അസോസിയേഷന്‍ പ്രമേയവും പാസാക്കി.
ബാര്‍ കോഴ കേസിന്റെ വിധിയോട് ജേക്കബ് തോമസ് പരസ്യമായി പ്രതികരിച്ച സംഭവത്തിലാണ് ഐ.പി.എസ് അസോസിയേഷന്‍ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നത്. ബാര്‍ കോഴ അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന ജേക്കബ് തോമസ് എന്തിനാണ് കേസ് സംബന്ധിച്ച് പരസ്യപ്രതികരണത്തിന് മുതിരുന്നതെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍ ചോദിച്ചിരുന്നു. ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും സെന്‍കുമാര്‍ പ്രതികരിച്ചിരുന്നു.
എന്നാല്‍ സെന്‍കുമാര്‍ തന്നെപ്പോലെ ഒരു ഐ.പി.എസുകാരന്‍ മാത്രമാണെന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി. മാധ്യമങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ വായ് മുടാനുള്ള സെല്ലോ ടേപ്പുമായാണ് താന്‍ നടക്കുന്നതെന്നും ജേക്കബ് തോമസ് പരിഹാസരൂപേണ പ്രതികരിച്ചിരുന്നു.