മുസ്ലീം കുടിയേറ്റക്കാരെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടിയ്ക്ക് ശക്തമായ മറുപടിയുമായി ഇറാന്‍. അമേരിക്കന്‍ പൗരന്മാരെ വിലക്കുമെന്നാണ് വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ തീരുമാനം മുസ്‌ലിം ജനതയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും തീരുമാനം അക്രമണങ്ങളും തീവ്രവാദവും വര്‍ധിക്കാന്‍ കാരണമാവുമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.
നേരത്തെ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള തീരുമാനത്തെ പരോക്ഷമായി വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി രംഗത്തെത്തിയിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ മതിലുകള്‍ കെട്ടിത്തിരിക്കേണ്ട കാലമല്ല ഇതെന്ന് ട്രംപിന്റെ പേരു പരാമര്‍ശിക്കാതെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് ബര്‍ലിന്‍ മതില്‍ കടപുഴകിയത് അവര്‍ മറന്നുകാണും. സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ലോകമെങ്ങുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ പ്രവേശിക്കുന്നതിനുള്ള വിലക്കാണ് ഏര്‍പ്പെടുത്തിയത്. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ ഇനി ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ 90 ദിവസത്തേക്കും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി.