![](https://dailyindianherald.com/wp-content/uploads/2016/05/Untitled-1.png)
ശ്രീകണ്ഠപുരം: ഇരിക്കൂറിലെ ജനകീയനായ സ്ഥാനാര്‍ത്ഥി അഡ്വ. ബിനോയ് തോമസിനെ ചെമ്പന്‍തോട്ടിയില്‍ വെച്ച് കെസി ജോസഫിന്റെ ഗുണ്ടാസംഘം മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ സ്ഥാനാര്‍ത്ഥിയെ തളിപ്പറമ്പ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സ്ഥാനാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ബിനോയ് തോമസിനെ മര്‍ദ്ദിച്ച സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് മണ്ഡലത്തിലെങ്ങും ഉയരുന്നത്.
ഇരിക്കൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് പരാജയ ഭീതി നിറഞ്ഞതോടെ വിമത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസമാണ് അഡ്വ ബിനോയ് തോമസിന്റെ പ്രചാരണ വാഹനം ചുഴലി ചാലില്‍ വയലലില്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചത് ചാലില്‍വയലില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ സി ജോസഫ് പങ്കെടുക്കുന്ന പൊതുയോഗം നടക്കുന്നതിനാല്‍ അനൌണ്‍സ്‌മെന്റ് നിര്‍ത്തിയാണ് വാഹനം കടന്നുപോയത്. അരകിലോമീറ്റര്‍ കടന്നപ്പോഴാണ് അനൌണ്‍സ്‌മെന്റ് തുടങ്ങിയത്. അപ്പോഴേക്കും ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു. അതിനുശേഷം ഇന്ന് രാവിലെയും ഇത് ആവര്‍ത്തിക്കുകയായിരുന്നു .
ഇനി അനൌണ്‍സ്‌മെന്റ് നടത്തിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ജനറേറ്റര്‍ ഓഫ് ചെയ്യുകയുമായിരുന്നുവെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ വഴിക്ക് വരരുതെന്നും പറഞ്ഞു. തുടര്‍ന്നും അഞ്ച്കിലോമീറ്റര്‍ അക്രമികള്‍ വാഹനത്തെ പിന്തുടര്‍ന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ ബേബി കല്ലോലിലാണ് പരാതി നല്‍കിയത്.
ആദ്യവട്ട പ്രചാരണം കഴിഞ്ഞതോടെ യുഡിഎഫിനേക്കാള്‍ മുന്നിലാണ് വിമതസ്ഥാനാര്‍ഥി ബിനോയ് തോമസ്. വിമതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിളിച്ചുചേര്‍ത്ത കുടുംബയോഗങ്ങളില്‍ വന്‍ജനപങ്കാളിത്തമായിരുന്നു. കെ സി ജോസഫിനുവേണ്ടി പ്രവര്‍ത്തകര്‍ ഇറങ്ങാത്തിടത്തെല്ലാം കോണ്‍ഗ്രസുകാര്‍ സജീവമായി ബിനോയിക്കുവേണ്ടി പ്രവര്‍ത്തനത്തിനിറങ്ങിയത് യുഡിഎഫിനെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അക്രമവും ഭീഷണിപ്പെടുത്തലുമെന്നാണ് സൂചന. ഇരിക്കൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ പ്രതിഷേധം വിമത സ്ഥാനാര്‍ത്ഥിക്ക് വോട്ടായി മാറുമെന്ന് ഉറപ്പായതോടെയാണ് അക്രമത്തിലൂടെ വിമതരെ പിന്തിരിപ്പിക്കാന്‍ നീക്കം നടത്തുന്നത്. നേരത്തെയും അഡ്വ ബിനോയ്ക്ക് നേരെ ഗുണ്ടകളുടെ കയ്യേറ്റമുണ്ടായിരുന്നു. പ്രചാരണ വാഹനങ്ങള്‍ തടഞ്ഞു ബോര്‍ഡുകള്‍ നശിപ്പിച്ചുമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ ബിനോയ് തോമസിന്റെ പ്രവര്‍ത്തനങ്ങളെ നേരിടുന്നത്.