
കൊച്ചി: ബിജെപി നേടിയ തെരഞ്ഞെടുപ്പ് വിജയം പണക്കൊഴുപ്പിന്റെയും കയ്യൂക്കിന്റെയുമാണെന്ന് ഇറോം ശര്‍മ്മിള. മണിപ്പൂരിലെ ജനങ്ങള്‍ ഇനിയും പ്രബുദ്ധരാകേണ്ടതുണ്ടെന്നും ഇറോം. മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള പട്ടാളക്കാര്‍ക്കുള്ള പ്രത്യേക അധികാരത്തിനെതിരെ നീണ്ട പതിനാറ് വര്‍ഷം നിരാഹാരം അനുഷ്ഠിച്ച വ്യക്തിയാണ്. സഹന സമരങ്ങളിലെ സമാനതകളില്ലാത്ത പോരാട്ടമായി ലോകം അതിനെ കാണുന്നു. കേരളം ജനത എല്ലാക്കാലത്തും എന്നെ പിന്തുണച്ചിട്ടുണ്ടെന്നും കേരളത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ അതിയായ താല്‍പര്യമുണ്ടെന്നും അവര്‍ പറഞ്ഞു. എല്ലാത്തില്‍ നിന്നും വിട്ടു നില്‍ക്കാനാണ് കേരളത്തില്‍ എത്തിയത്. അവര്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെത്തുടര്‍ന്നാണ് ഒരുമാസത്തെ പരിപൂര്‍ണവിശ്രമത്തിനായി ഇറോം ശര്‍മിള അട്ടപ്പാടിയിലെ ശാന്തിഗ്രാമത്തിലെത്തുന്നത്. സാമൂഹിക പ്രവര്‍ത്തകയായ ഉമാപ്രേമന്‍ അട്ടപ്പാടിയില്‍ ആരംഭിച്ച ശാന്തിഗ്രാമത്തിലായിരിക്കും താമസം.
ചില സുഹൃത്തുകളുടെ ക്ഷണത്തെത്തുടര്‍ന്നാണ് അവരുടെ കേരളസന്ദര്‍ശനം. അപൂര്‍വ്വമായിമാത്രം മണിപ്പൂരിനുപുറത്തേക്ക് സഞ്ചരിക്കാറുള്ള ഇറോമിന്റെ കേരളസന്ദര്‍ശനം, അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. രാവിലെ 6.15ന്റെ വിമാനത്തില്‍ കോയമ്പത്തൂരെത്തിയ അവരെ ഉമാപ്രേമന്‍ സ്വീകരിച്ച് അട്ടപ്പാടിയിലെത്തിച്ചു.
16 വര്‍ഷം നീണ്ട നിരാഹാരം അവസാനിപ്പിച്ചാണ് ശര്‍മിള (44) സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. എന്നാല്‍ തിരഞ്ഞെടുപ്പുതോല്‍വിയെത്തുടര്‍ന്ന് അവര്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. നീണ്ടകാലത്തെ സമരം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലിറങ്ങിയ ഇറോം ശര്‍മിള, കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്.
മുഖ്യമന്ത്രി ഇബോബി സിങ്ങിനെതിരെ ഥൗബാല്‍ മണ്ഡലത്തില്‍ മത്സരിച്ച ഇറോം ശര്‍മിളയ്ക്ക് ആകെ നേടാനായത് 90 വോട്ട് മാത്രം. സ്വന്തം പാര്‍ട്ടിയായ പീപ്പിള്‍ റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റിസ് അലയന്‍സ് പാര്‍ട്ടിയുടെ ബാനറിലാണ് ശര്‍മിള മത്സരിച്ചത്.