
ഇംഫാല്‍: മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് രംഗം ചൂട് പിടിക്കുകയാണ്. മത്സരരത്തിനിറങ്ങിയ അയണ്‍ ലേഡി ഇറോം ശര്‍മ്മിള തന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നേറുന്നുണ്ട്. എന്നാല്‍ പഴയ സ്വീകാര്യത ഇന്ന് ലഭിക്കുന്നില്ലെന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇതിനിടയിലാണ് ബി.ജെ.പി.ക്കെതിരെ ഗുരുതര ആരോപണവുമായി ഇറോം ശര്‍മിള രംഗത്തെത്തിയത്. മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ടിക്കറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി തനിക്ക് 36 കോടി വാഗ്ദാനംചെയ്തെന്ന് ശര്‍മിള ആരോപിച്ചു.
നിരാഹാരം അവസാനിപ്പിച്ചതിനുശേഷം തന്നെ നേരിട്ടുകണ്ട ബി.ജെ.പി. നേതാവാണ് പണം വാഗ്ദാനം ചെയ്തതെന്നും ഇക്കാലത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 36 കോടിയോളം ചെലവാകുമെന്നും അദ്ദേഹം പറഞ്ഞതായി ശര്‍മിള പറഞ്ഞു. മത്സരിക്കാന്‍ തന്റെ കൈയില്‍ ഇത്രയധികം പണമില്ലെങ്കില്‍ ആ പണം തരാമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന് ശര്‍മിള വ്യക്തമാക്കി.
എന്നാല്‍ ബി.ജെ.പി. നേതാവ് രാംമാധവ് ആരോപണം നിഷേധിച്ചു. തൗബാല്‍, ഖുറായ് മണ്ഡലങ്ങളില്‍നിന്നാണ് ശര്‍മിള മത്സരിക്കുന്നത്. തൗബാല്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് മത്സരിക്കുന്ന മണ്ഡലമാണ്. മാര്‍ച്ച് നാല്, എട്ട് തീയതികളില്‍ രണ്ടുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. മണിപ്പുരില്‍ പട്ടാളത്തിന് പ്രത്യേകാധികാരം നല്‍കുന്ന നിയമത്തിനെതിരെ 16 വര്‍ഷം തുടര്‍ച്ചയായി നിരാഹാരമനുഷ്ഠിച്ചയാളാണ് ശര്‍മിള.