യുദ്ധം അതിരൂക്ഷം: ഐഎസിൽ ചേർന്ന മലയാളികൾ മടങ്ങിയേക്കും; തിരികെ എത്തിക്കാൻ കേന്ദ്ര നീക്കം സജീവം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അമേരിക്കൻ സഖ്യസേനയുടെ ആക്രമണം ശക്തമായ സാഹചര്യത്തിൽ ഐഎസിൽ ചേരാനായി കേരളത്തിൽ നിന്നു പോയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ സംഘം തിരികെ മടങ്ങിയേക്കും. നിലവിലെ സാഹചര്യത്തിൽ പിടിച്ചു നിൽക്കാനാവാത്ത സംഘം തിരികെ കേരളത്തിലേയ്ക്കു മടങ്ങുമെന്നാണ് ബന്ധുക്കൾക്കു ലഭിച്ചിരിക്കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ മടങ്ങിയെത്തുന്നവർക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചു കേന്ദ്ര സർക്കാർ ആലോചന തുടങ്ങി.
കേരളത്തിൽ നിന്നടക്കം കാണാതായി ഐ.എസ്സിൽ ചേർന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ മടങ്ങിയെത്തിയേക്കുമെന്ന് ദേശീയ അന്വേഷണ ഏജൻസിയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ കനത്തപരാജയത്തെത്തുടർന്നാണ് മടക്കം എന്നാണ് സൂചന. ഇതെതുടർന്ന് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗങ്ങളോട് പരിശോധന കർശനമാക്കാൻ ഇന്റലിജൻസ് ബ്യൂറോ നിർദേശം നൽകി. വിമാനത്താവളങ്ഹളിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐഎസ്സിൽ ചേർന്നതായി സംശയിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തിയാണ് ഇന്റലിജൻസ് ബ്യൂറോയുടെ നോട്ടീസ്. അതേസമയം, യു.എ.ഇ, സൗദി അറേബ്യ, തുർക്കി, ഇറാൻ എന്നിവിടങ്ങളിലെ എംബസികൾക്ക് പുതിയ പാസ്പോർട്ട് അനുവദിക്കുന്നതിൽ കർശനനിയന്ത്രണവും ഏർപ്പെടുത്തി. പാസ്പോർട്ട് നഷ്ടമായതായി കാണിച്ച് യാത്രാരേഖകൾക്ക് സമീപിക്കുന്നവരുടെ കാര്യത്തിൽ കർശന പരിശോധനകൾ നടത്താനാണ് നിർദേശം.

യുഎസ് ആക്രമണത്തെത്തുടർന്ന് ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ മേധാവിത്വം ഐ.എസ്സിന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അഫ്ഗാനിസ്ഥാൻ കേന്ദ്രമാക്കി പുതിയ സാമ്രാജ്യം സ്ഥാപിക്കാനുള്ള ഐ.എസ് ശ്രമം അമേരിക്കയുടെ ഏറ്റവും വലിയ ആണവ ഇതര ബോംബ് ആക്രമണത്തിലൂടെ തകർന്നിരിക്കുകയുമാണ്. ഐ.എസ്സിൽ ചേർന്ന മലയാളികൾ എത്തിയ പ്രദേശമായ അഫ്ഗാനിലെ നാംഗർഹാറിൽ ഈ ആക്രമണത്തെത്തുടർന്ന് മലയാളികളടക്കം എത്രപേർ കൊല്ലപ്പെട്ടെന്നത് ഇപ്പോഴും ദുരൂഹമാണ്.

ഈ സാഹചര്യത്തിൽ ഐ.എസ്സിൽ ചേർന്ന അവശേഷിക്കുന്ന ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യത ഏറെയാണ്. അഫ്ഗാനിസ്താനിൽ നിന്നോ ഐ.എസ് സാന്നിധ്യമുള്ള മറ്റു രാജ്യങ്ങളിൽ നിന്നോ ഇവർ മടങ്ങാനുള്ള സാധ്യത വിരളമാണ്. ഗൾഫ് വഴി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് മടങ്ങാനാണ് സാധ്യത. ഐ.എസ്സിൽ പരിശീലനം നേടി 2015-ൽ രാജ്യത്തെത്തിയ ഐ.എസ് ഭീകരൻ തൊടുപുഴ സ്വദേശി സുബ്ഹാനി 2016-ൽ മാത്രമാണ് പിടിക്കപ്പെട്ടത്.

ഇയാൾ സിറിയയിലും ഇറാഖിലും ഐ.എസ്സിനുവേണ്ടി യുദ്ധം ചെയ്തശേഷമാണ് നാട്ടിലെത്തിയത്. ഇസ്താംബൂളിലെ ഇന്ത്യൻ എംബസി അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ നാട്ടിലേക്ക് മടങ്ങിയത്. ഐ. എസ്സിലേക്ക് ആളെ ചേർക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലാവുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് അധികൃതരുടെ ഇപ്പോഴത്തെ ശ്രമം.

Top