കോല്‍ക്കത്ത:അന്താരാഷ്ട്ര ക്രിമിനല്‍ ദാവീദുമായി ബന്ധമുണ്ടെന്നു സംശയിച്ച് ആയുധങ്ങളുമായി കൊല്‍ക്കത്തയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് മലയാളികള്‍ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) റിക്രൂട്മെന്റിലെ പ്രധാന കണ്ണികളാണെന്നു വ്യക്തമായി. ഐഎസില്‍ ചേരുന്നതിന്റെ ഭാഗമായി ആയുധം വാങ്ങാന്‍ എത്തിയപ്പോഴാണ് പിടിയിലായത് . ഇരുവരും ഐഎസ് റിക്രൂട്ട്മെന്റിലെ പ്രധാന കണ്ണികളാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ആയുധങ്ങള്‍ വാങ്ങാനായി കോല്‍ക്കത്തയില്‍ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ഇവരുടെ കൈയില്‍ നിന്നും പണവും തോക്കുകളും പിടിച്ചെടുത്തിരുന്നു. ഇരുവരുടെയും രാജ്യാന്തര ബന്ധത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
അതേസമയം തീവ്രവാദ ബന്ധം സ്‌ഥിരീകരിച്ചതോടെ കേസ് എന്‍ഐഎ ഏറ്റെടുത്തേയ്ക്കും. ഇവരെ ചോദ്യം ചെയ്യുന്നതിനായി വിട്ടുതരണമെന്ന് കേരള പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി കേസുകളില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സ്പെഷല്‍ ബ്രാഞ്ചും ബംഗാള്‍ പോലീസും ഇരുവരെയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇരുവരുടെയും ഐഎസ് ബന്ധം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയത്. കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇയാളെ അടുത്ത ദിവസം കേരളത്തില്‍ എത്തിച്ച് ചോദ്യം ചെയ്യും. അറസ്റ്റിലായവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ശനിയാഴ്ചയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുവരും അറസ്റ്റിലായത്. പിന്നീട് നടന്ന വിശദമായ ചോദ്യം ചെയ്യലിലാണ് ഇവര്‍ മലയാളികളാണെന്ന് വ്യക്‌തമായത്.