
ഷില്ലോങ്: ബിജെപി സര്‍ക്കാറില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ സാരമായ ഭീഷണികള്‍ ഉയര്‍ന്ന് വരുന്നതായി വ്യാപക ആരോപണമുണ്ട്. ഇതില്‍ ഏറ്റവും പുതിയതാണ് ഏപ്രില്‍ 14 ദുഃഖ വെള്ളിയാഴ്ച ദിനത്തെ ഡിജിറ്റല്‍ ഇന്ത്യ ദിനമായി ആചരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. വിവാദമായ ഈ തീരുമാനത്തെ എതിര്‍ത്ത് മേഘാലയ സര്‍ക്കാര്‍. ദുഃഖ വെള്ളിയാഴ്ച ഇവിടുത്തെ ക്രിസ്ത്യാനികള്‍ക്കു പ്രധാനപ്പെട്ട ദിവസമാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയെ ബാധിക്കുന്ന തരത്തിലുള്ള പരിപാടികളെ സംസ്ഥാന സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി മുകുള്‍ സാങ്മ അറിയിച്ചു.
മേഘാലയയിലെ ജനങ്ങളെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെയും മുന്‍നിര്‍ത്തി ഇക്കാര്യത്തിലെ ആശങ്ക പ്രധാനമന്ത്രിയെ എഴുതി അറിയിക്കുമെന്ന് സാങ്മ അറിയിച്ചു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഭൂരിപക്ഷം ഉള്ള മേഖലയാണ് ഇവിടം. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയെ വിഷയത്തിലുള്ള എതിര്‍പ്പ് സംസ്ഥാനം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഏപ്രില്‍ 14 ഭരണഘടന നിമ്മിച്ച ഡോ. അംബേദ്ക്കറുടെയും ജന്മദിനമാണ്. എല്ലാ വര്‍ഷവും ഗവണ്‍മെന്റ് ഈ ദിവസം പ്രത്യേക അവധി ദിനമായി പ്രഖ്യാപിക്കുയാണ് ചെയ്യാറുള്ളത്. ഇതിനെയും അട്ടിമറിക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നയം
എന്താണ് എന്‍ഡിഎ സര്‍ക്കാരിന്റെ അജന്‍ഡയെന്നു നമ്മള്‍ ചോദിക്കേണ്ട സമയമായി. നേരത്തേ, ക്രിസ്മസ് ദിനത്തില്‍ മികച്ച ഭരണനിര്‍വഹണ ദിനമായി ആചരിച്ചിരുന്നു. ഇപ്പോള്‍ ദുഃഖവെള്ളിയും. ന്യൂനപക്ഷവിഭാഗങ്ങളെ പാര്‍ശ്വവല്‍ക്കരിക്കാനാണോ ബിജെപി ശ്രമിക്കുന്നത്? സാങ്മ ചോദിച്ചു.