സോഷ്യല്‍ മീഡിയയില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് മോദി മന്ത്രിസഭയില്‍ അംഗമായ പ്രതാപ് ചന്ദ്ര സാരംഗി. ഒഡീഷയിലെ ബാലസോറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് എത്തിയ പ്രതാപ് ചന്ദ്ര സാരംഗി തന്റെ ‘ലാളിത്യം’ കൊണ്ടാണ് വാര്‍ത്താമാധ്യമങ്ങളില്‍ ശ്രദ്ധേയനാവുന്നത്. സൈക്കിളിലും നടന്നുമായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായാണ് അധികാരമേറ്റത്.
സ്വന്തമായി ഓലക്കുടയും സൈക്കിളും മാത്രമുള്ള ആ നിസ്വനായ കേന്ദ്രമന്ത്രി! മോദി സര്‍ക്കാറില്‍ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പ്രതാപ് ചന്ദ്ര സാരംഗിയെക്കുറിച്ച് ഇപ്പോള്‍ എല്ലാവര്‍ക്കും പറയാനുള്ളത് നല്ല വാക്കുകള്‍ മാത്രം. എന്നാല്‍ അധികമാരും ഓര്‍ക്കാത്ത, ഓര്‍മ്മയുള്ളവരില്‍ പലരും മറക്കുന്ന ഒരു ഭൂതകാലമുണ്ട് ഈ ‘പാവപ്പെട്ട’ എംപിക്ക്.
പ്രതാപ് ചന്ദ്രസാരംഗി സത്യപ്രതിജ്ഞ ചെയ്യാന്‍ വേദിയിലേക്ക് നടന്നു കയറുമ്പോള്‍ ഒരു പക്ഷേ, അമിത് ഷായ്ക്കും സ്മൃതി ഇറാനിക്കും കിട്ടിയത് പോലുള്ള കയ്യടിയാണ് കിട്ടിയത്. സാമൂഹ്യമാധ്യമങ്ങളില്‍ സാരംഗിയുടെ ഓലക്കുടിലിനും സൈക്കിളിനും വന്‍ വരവേല്‍പും കിട്ടി. അങ്ങനെ സാരംഗി ‘സോഷ്യല്‍ മീഡിയ ഹീറോ’യുമായി.
പക്ഷേ അത്ര നിഷ്‌കളങ്കമല്ലാത്ത ഒരു ഭൂതകാലമുണ്ട് ഈ ‘ഹീറോ’യ്ക്ക്.. വര്‍ഷം 1999. ഒഡിഷയിലെ ഗ്രഹാം സ്റ്റെയിന്‍സ് എന്ന ക്രിസ്ത്യന്‍ മിഷനറിയെയും കുട്ടികളെയും ‘ആള്‍ക്കൂട്ടം’ പച്ചയ്ക്ക് കത്തിച്ചുകൊന്ന കാലം. മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് അവരെ കൊന്നവര്‍ക്ക് നേതൃത്വം നല്‍കിയത് തീവ്രഹിന്ദു സംഘടടനാ പ്രവര്‍ത്തകരാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ബജ്‌രംഗദള്‍ പ്രവര്‍ത്തകനായ ദാരാസിംഗായിരുന്നു കൊലപാതകത്തിന്റെ സൂത്രധാരന്‍. അന്ന് ബജ്‌രംഗദളിന്റെ ഒഡിഷയില്‍ നിന്നുള്ള പ്രമുഖ നേതാവായിരുന്നു സാരംഗി.
പന്ത്രണ്ട് പേരാണ് കേസില്‍ ശിക്ഷിക്കപ്പെട്ടത്. ബജ്‌രംഗ് ദളുമായി ബന്ധമുണ്ടായിരുന്ന ദാരാ സിംഗിന് വിചാരണ കോടതി വധശിക്ഷ വിധിച്ചുവെങ്കിലും 2003-ല്‍ ഒഡിഷ ഹൈക്കോടതി ഇത് റദ്ദാക്കുകയും മറ്റ് 11 പേരെ വെറുതേ വിടുകയും ചെയ്തു.
2002ല്‍ ഒഡീഷ (അന്ന് ഒറീസ) നിയമസഭക്ക് നേരെ ആക്രമണം നടത്തുകയും പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതാപ് ചന്ദ്ര സാരംഗി അറസ്റ്റിലായിട്ടുമുണ്ട്. കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും അക്രമം അഴിച്ചുവിട്ടതിനും അന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഒഡീഷയിലെ ബാലസോര്‍ മണ്ഡലത്തില്‍ നിന്നും ബിജെഡിയുടെ കോടീശ്വരനായ സ്ഥാനാര്‍ത്ഥി രബീന്ദ്ര ജീനയെ 12956 വോട്ടുകള്‍ക്കാണ് സാരംഗി പരാജയപ്പെടുത്തിയത്. എസ്‌യുവികളും വാഹനവ്യൂഹങ്ങളൊന്നുമില്ലാതെ സൈക്കിളിലും നടന്നുമാണ് വോട്ടര്‍മാരെ കണ്ട് വോട്ടുതേടിയ സാരംഗിയുടെ പ്രചരണം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
അവിവാഹിതനായ സാരംഗി മാതാവിനൊപ്പം ഓലക്കുടിലിലായിരുന്നു താമസം . കഴിഞ്ഞ വര്‍ഷം മാതാവ് മരിച്ചതോടെ കുടിലില്‍ ഏകനായി. ആദിവാസി സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കുന്ന സാരംഗിക്ക് വന്‍ ജനപിന്തുണയാണുള്ളത്. ബാലസോറിലെ ആദിവാസികുട്ടികള്‍ക്ക് പഠിക്കാനായി നിരവധി വിദ്യാലയങ്ങളാണ് സാരംഗിയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ചത്. സാരംഗി രണ്ട് തവണ ഒഡീഷ നിയമസഭയില്‍ അംഗമായിരുന്നു. ലാളിത്യത്തിന്റെ പ്രതികമായി അനുയായികള്‍ വിശേഷിപ്പിക്കുന്ന സാരംഗിയെ ഒഡീഷ മോദി എന്നാണ് വിളിക്കുന്നത്.