വത്തിക്കാൻ സിറ്റി : പ്രതിസന്ധി തുടരുന്ന സിറിയയിൽ നിന്നും യൂറോപിലേക്കെത്തുന്ന അഭയാർഥികൾക്കൊപ്പം ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരും യൂറോപിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ മുന്നറിയിപ്പ്. ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ക്രൂരമായി കൊലപ്പെടുത്തുന്ന ഐഎസ് ഭീകരർ യൂറോപ്പിലും ആക്രമണം നടത്തിയേക്കുമെന്നും പോപ്പ് ആശങ്ക പ്രകടിപ്പിച്ചു. റേഡിയോ അഭിമുഖത്തിലായിരുന്നു പോപ്പിന്റെ പ്രതികരണം.
റോം ആക്രമിക്കപ്പെടുമോ എന്നു ചോദിച്ചപ്പോൾ റോമും ഭീഷണിക്ക് പുറത്തല്ലെന്നും മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്നും മാർപാപ്പ പറഞ്ഞു. ഭീകരർ അഭയാർഥികൾക്കൊപ്പം നുഴഞ്ഞുകയറാൻ ഇടയുണ്ടെന്ന സാധ്യത കാണാതിരുന്നിട്ട് കാര്യമില്ലെന്നും മാർപാപ്പ അഭിപ്രായപ്പെട്ടു. അഭയാര്‍ഥികള്‍ക്കൊപ്പം ഐഎസ് ഭീകരരും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നുഴഞ്ഞുകയറുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
നേരത്തെ, യൂറോപ്പിലെ ഓരോ കത്തോലിക്കാ ഇടവകകളും ഒരു അഭയാര്‍ഥി കുടുംബത്തെയെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറാവണമെന്ന് ഫ്രാന്‍സിസ് മാർപാപ്പ ആഹ്വാനം ചെയ്തിരുന്നു. വത്തിക്കാനിലെ രണ്ട് ഇടവകകള്‍ ഓരോ കുടുംബങ്ങളെ വീതം സ്വീകരിച്ചു ഇതിന് മാതൃക കാട്ടുമെന്നും മാർപാപ്പ അറിയിച്ചിരുന്നു.