ജൂലി 2 ഇറങ്ങും മുന്‍പേ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രമാണ്. റായിയുടെ അതീവ ഗ്ലാമറസായ വേഷവും ചൂടന്‍ ഇന്റിമേറ്റ് രംഗങ്ങളും റിലീസിന് മുന്‍പു തന്നെ ചര്‍ച്ചയായി കഴിഞ്ഞിരുന്നു. ചിത്രത്തിലെ റായി ലക്ഷ്മിയുടെ കഥാപാത്രം തൊണ്ണൂറുകളിലെ ഒരു താരറാണിയുടെ ജീവിതാവിഷ്കാരമാണെന്ന് ചിത്രത്തിന്റെ നിര്‍മാതാവും മുന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനുമായ പഹ്ലജ് നിഹ്ലാനി വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ നിയപരമായ നൂലാമാലകളുള്ളതിനാല്‍ ആ നടി ആരാണെന്ന് വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ നടിയെക്കുറിച്ചുള്ള ചില സൂചനകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ബോളിവുഡിലെ ഖാന്മാരിലൊരാളോടൊപ്പം അഭിനയം തുടങ്ങിയ നടിയാണ് അവരെന്നും പിന്നീട് തമിഴിലെയും തെലുങ്കിലെയും വിലപിടിച്ച താരമായി മാറിയ അവരുടെ കരിയറില്‍ തകര്‍ച്ച കണ്ടു തുടങ്ങിയത് തമിഴിലെയും തെലുങ്കിലെയും സൂപ്പര്‍ താരവും വിവാഹിതനുമായ നടനുമായുണ്ടായ പ്രണയത്തിന് ശേഷമാണെന്നുമുള്ള സൂചനകളാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കിയത്.
ഈ സൂചനകളുടെ അടിസ്ഥാനത്തില്‍ ആ നടി നഗ്മയാണെന്നാണ് ചിലര്‍ കണ്ടെത്തിയിരിക്കുന്നത്. ബോളിവുഡിലെ മസില്മാന് സല്മാന് ഖാന്റെ നായികയായി ഭാഗി എന്ന ചിത്രത്തിലൂടെയാണ് നഗ്മ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ് തെലുങ്ക് സിനിമകളിലെ സജീവ സാന്നിധ്യമായി മാറിയ നഗ്മയ്ക്ക് നടന് ശരത് കുമാറുമായുണ്ടായിരുന്ന പ്രണയവും അക്കാലത്ത് സിനിമാലോകത്ത് വലിയ സംസാരവിഷയമായിരുന്നു.
ഇപ്പോള്‍ ഈ വാര്‍ത്തകളില്‍ തന്റെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നഗ്മ. ഡെക്കാന്‍ ക്രോണിക്കിളിന് നല്കിയ അഭിമുഖത്തിലാണ് നഗ്മ തന്റെ നിലപാട് വ്യക്തമാക്കിയത്.
‘ഇതെനിക്കൊരു വാര്‍ത്തയാണ്. ഇതിനെക്കുറിച്ച് എനിക്കൊരു അറിവുമില്ല, എന്നെ ആരും അറിയിച്ചിട്ടുമില്ല. ഞാനീ കാര്യം ഇപ്പോഴാണ് അറിയുന്നത്.
ബന്‍സാലിയുടെ പദ്മാവതിയാണല്ലോ ഇപ്പോള്‍ എല്ലാവരും ചര്‍ച്ച ചെയ്യുന്ന വിഷയം. അതുകൊണ്ട് ജൂലി 2വിന് പരസ്യം നല്‍കാനുള്ള അണിയറ പ്രവര്‍ത്തകരുടെ തീരുമാനാകും ഇത്തരം വിഷയങ്ങള്‍ക്ക് പുറകില്‍’ – നഗ്മ പറഞ്ഞു
ചിത്രം റിലീസ് ചെയ്ത ശേഷം മാത്രമേ ഇതിനെക്കുറിച്ച് കൂടുതലെന്തെങ്കിലും താന്‍ സംസാരിക്കുകയുള്ളൂ എന്നും താരം വ്യക്തമാക്കി. ദീപക് ശിവ്ദാസനിയന് ത്രില്ലര്‍ ചിത്രമായ ജൂലി 2 അണിയിച്ചൊരുക്കുന്നത്. ചിത്രം നവംബര്‍ 24 ന് തിയ്യേറ്ററുകളിലെത്തി.