
കൊച്ചി: എകെ ശശീന്ദ്രനെതിരെ ഉയരുന്ന ലൈഗീക ആരോപണത്തിന് കാരണക്കാരന്‍ സ്വന്തം പാര്‍ട്ടിലെ നേതാവെന്ന് സംസാരം. മന്ത്രി സ്ഥാനം തെറിക്കുന്നതോടെ ഒവിവുവരുന്ന കസേരയില്‍ കണ്ണ് നട്ട് നടത്തിയ ഓപറേഷനാണ് ചാനലിലൂടെ പുറത്ത് വന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നില്‍ തിരഞ്ഞെടുപ്പിന് മുന്നേ കസേര സ്വപ്നം കണ്ട തോമസ് ചാണ്ടി എംഎല്‍എയുടെ കരങ്ങല്‍ ഉണ്ടെന്നും ഇപ്പോള്‍ പ്രതികരണങ്ങള്‍ പുറത്തുവന്നത്.
എന്‍സിപിക്ക് കേരളത്തില്‍ ലഭിച്ചത് രണ്ടു സീറ്റായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ താന്‍ ജയിച്ചുവരുമെന്നും ജയിച്ചാല്‍ താന്‍തന്നെയാകും മന്ത്രിയാകുമെന്നും കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയായ തോമസ് ചാണ്ടി തുറന്നുപറയുകയും ചെയ്തു. ഒരു പടികൂടി കടന്ന്, ജയിച്ചാല്‍ താന്‍ ജലവിഭവ വകുപ്പ് മന്ത്രിയാകുമെന്നുവരെ പറഞ്ഞുവച്ചിരുന്നു തോമസ് ചാണ്ടി.
എന്നാല്‍ ഇക്കാര്യം തിരഞ്ഞെടുപ്പിന് മുമ്പുതന്നെ എല്‍ഡിഎഫില്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ആരായിരിക്കും മുഖ്യമന്ത്രിയെന്നുപോലും പ്രഖ്യാപിക്കാതെയാണ് ഇടതുപക്ഷം പ്രചരണത്തിന് ഇറങ്ങിയത്. അങ്ങനെയിരിക്കെ താന്‍ ജയിച്ചുവരുമെന്നും ജലസേചനമന്ത്രിയാകുമെന്നും തോമസ് ചാണ്ടി പ്രഖ്യാപിച്ചത് എല്‍ഡിഎഫില്‍ വലിയ ചര്‍ച്ചായി മാറുകയും ചെയ്തു. ഇതോടെയാണ് തോമസ് ചാണ്ടിയെ മന്ത്രിയാക്കില്ലെന്ന ഉറച്ച നിലപാടിലേക്ക് സി.പി.എം എത്തുന്നത്.
ഇക്കാര്യം പാര്‍ട്ടി അനൗദ്യോഗികമായി എന്‍സിപി നേതൃത്വത്തെ അറിയിക്കുകയും ഉഴവൂര്‍ വിജയന് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇതോടെയാണ് പാര്‍ട്ടി ദേശീയ നേതൃത്വം മന്ത്രിയെ തീരുമാനിക്കുമെന്ന നിലയില്‍ കാര്യങ്ങള്‍ എത്തുന്നതും തോമസ് ചാണ്ടിയെ ഒഴിവാക്കി പകരം എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനം തേടിയെത്തുകയും ചെയ്തത്.
രണ്ടരവര്‍ഷം ശശീന്ദ്രനും തുടര്‍ന്ന് രണ്ടരവര്‍ഷം തോമസ് ചാണ്ടിയും മന്ത്രിമാരാകുമെന്നായി പിന്നത്തെ പ്രചരണം. ഇതിന് പിന്നിലും തോമസ് ചാണ്ടി പക്ഷം തന്നെയായിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷവും എന്‍സിപിക്ക് ഒറ്റ മന്ത്രിതന്നെയാകുമെന്ന് വ്യക്തമാക്കി ഉഴവൂര്‍ വിജയന് ഉള്‍പ്പെടുന്ന സംസ്ഥാന നേതൃത്വവും ശരത്പവാര്‍തന്നെയും നിലപാട് വ്യക്തമാക്കിയതോടെ തോമസ്ചാണ്ടി പക്ഷം തല്ക്കാലം അടങ്ങുകയായിരുന്നു.
ഇതിനു പിന്നാലെ ശശീന്ദ്രനെ താഴെയിറക്കാന്‍ നടത്തിയ ചരടുവലികളാണ് ഇപ്പോള്‍ ലൈംഗിക ആരോപണമായി ശശീന്ദ്രനെതിരെ പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യം സൂക്ഷ്മമായി പരിശോധിച്ചേ പ്രതികരിക്കൂ എന്ന് സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് ഇതിനകം പറഞ്ഞുകഴിഞ്ഞു. ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നുവെന്നുതന്നെയാണ് പാര്‍ട്ടി നിലപാടെന്നാണ് സൂചന. ഇക്കാര്യം ഇന്ന് നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാന സമിതിയിലും ചര്‍ച്ചയായിക്കഴിഞ്ഞു.
എന്നാല്‍ കുറ്റവാളികളെ പുറത്താക്കണമെന്ന് പിസിജോര്‍ജ് എംഎല്‍എ ഉള്‍പ്പെടെ ആവശ്യം ഉന്നയിക്കുന്നുമുണ്ട്. ഇതോടെ മന്ത്രി ശശീന്ദ്രനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് കേരള രാഷ്ട്രീയത്തില്‍. നേരത്തേ സ്വപ്നംകണ്ട പദവി നേടിയെടുക്കാന്‍ തോമസ്ചാണ്ടി വിഭാഗം നടത്തിയ കരുനീക്കമാണ് ഈ വാര്‍ത്തയായി പുറത്തുവന്നിരിക്കുന്നതെന്ന് ശശീന്ദ്രന്‍പക്ഷം വിലയിരുത്തുന്നു. ഇക്കാര്യം അവര്‍ ഉഴവൂര്‍ വിജയന് ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിച്ചിട്ടുമുണ്ട്. ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന ആവശ്യമാണ് അവര്‍ ഉയര്‍ത്തുക. എന്നാല്‍ മംഗളം ചാനല്‍ അവരുടെ ഉദ്ഘാടന വാര്‍ത്തയായി പുറത്തുകൊണ്ടുവന്ന ആരോപണം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ഇത് ഇടതുസര്‍ക്കാരിന് കളങ്കംചാര്ത്തുന്നതാണെന്നും സ്ത്രീസുരക്ഷയെന്ന വാദമുയര്‍ത്തി അധികാരത്തിലേറിയ സര്‍ക്കാരിന് മന്ത്രിയെ പുറത്താക്കേണ്ടിവരുമെന്ന ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം വന്നശേഷം മാത്രമേ നടപടിയിലേക്ക് നീങ്ങേണ്ടതുള്ളൂ എന്നതരത്തില്‍ കരുതലോടെയാണ് സിപിഎമ്മും സിപിഐയും ഉള്‍പ്പെടെയുള്ള ഇടതുപക്ഷത്തെ പ്രബല കക്ഷികള്‍ വിഷയത്തെ സമീപിക്കുന്നത്. ആരും തല്ക്കാലം പ്രതികരിക്കേണ്ടതില്ലെന്ന നിലപാടിലേക്കാണ് നീങ്ങുന്നത്.
ഇത്തരത്തില്‍ ചതി നടത്തിയ ഒരാളെ മന്ത്രിയാക്കേണ്ട സാഹചര്യമില്ലെന്നും ശശീന്ദ്രനെ ഒഴിവാക്കി പകരം തോമസ് ചാണ്ടിയെ മന്ത്രിയാക്കാന്‍ നടക്കുന്ന നീക്കമാണെന്ന് വ്യക്തമായതിനാല്‍ അതിന് വളംവച്ചുകൊടുക്കേണ്ടതില്ലെന്നും സി.പി.എം സംസ്ഥാന സമിതിയിലും അഭിപ്രായം ഉയര്‍ന്നതായാണ് വിവരങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയനും ഇതേ നിലപാടിലാണെന്നാണ് സൂചന. ഇക്കാര്യത്തില്‍ നിജസ്ഥിതി അന്വേഷിച്ച് പുറത്തുകൊണ്ടുവരികയും അതിനുശേഷം നടപടിയിലേക്ക് നീങ്ങുകയും ചെയ്താല്‍ മതിയെന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്.