
കൊച്ചി: പെരുമ്പാവൂരിലെ ദലിത് വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകവുമായി ഉയര്‍ന്ന പുതിയ വെളിപ്പെടുത്തലില്‍ വീണ്ടും വിവാദത്തിലായി കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്. തന്റെ അറിവില്ലാതെയാണു ജോമോന് പുത്തന്‍പുരയ്ക്കലിനെതിരായ പരാതിയെന്നു കൊല്ലപ്പെട്ട ജിഷയുടെ അച്ഛന് പാപ്പു.
കോണ്‍ഗ്രസുകാരനായ വാര്‍ഡ് മെമ്പര്‍ സര്‍ക്കാര്‍ സഹായം വാങ്ങിനല്‍കാം എന്നു പറഞ്ഞു വെള്ളപ്പേപ്പറില്‍ ഒപ്പിട്ടുവാങ്ങുകയായിരുന്നുവെന്നും പാപ്പു പറഞ്ഞു.സര്‍ക്കാര്‍ സഹായം ലഭിക്കുമെന്നു വിചാരിച്ചാണ് ഒപ്പിട്ടു നല്‍കിയത്. വാര്‍ഡംഗം വിനോദും ഒരു പൊലീസുകാരനും ചേര്‍ന്നാണ് തന്റെ കൈയില്‍ നിന്നു പേപ്പര്‍ ഒപ്പിട്ടുവാങ്ങിയത്.
തനിക്ക് ആയിരം രൂപ തന്നെന്നും പാപ്പു പറഞ്ഞു. ജിഷയുടെ കൊലപാതകം അട്ടിമറിയ്ക്കാന്‍ നീക്കം നടന്നെന്ന ആരോപണങ്ങള്ക്കിടിയിലാണ് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ ഈ ഇടപെടല്‍.
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പി പി തങ്കച്ചനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച മനുഷ്യാവകാശ പ്രവര്ത്തകന് ജോമോന് പുത്തന്‍ പുരയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സജീവമായിരിക്കെയാണു പാപ്പുവിന്റെ വെളിപ്പെടുത്തല്‍ വരുന്നത്.
കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്റെ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. ജിഷയുടെ പിതൃത്വം സംബന്ധിച്ച് ആരോപണം ഉന്നയിച്ച ജോമോനെതിരെയുള്ള കേസ് ഫയല്‍ കുറുപ്പംപടി പൊലീസ് അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ.എസ്.സുദര്‍ശനു കൈമാറിയിരുന്നു.
ഐജിക്കു പരാതി ലഭിച്ചതിനെ തുടര്‍ന്നു പട്ടികജാതിവര്‍ഗ പീഡന നിയമപ്രകാരമാണു ജോമോനെതിരെ കേസ് എടുത്തത്. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന് ജിഷയുടെ കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും ജിഷയുടെ പിതാവാണു പി പി തങ്കച്ചനെന്നുമാണു ജോമോന് പുത്തന്‍പുരയ്ക്കല്‍ ആരോപിക്കുന്നത്.
നേതാവിന്റെ വീട്ടില്‍ ചെന്നു സ്വത്തില്‍ അവകാശം ചോദിച്ചതിനുപിന്നാലെയാണു ജിഷയെ കൊലപ്പെടുത്തിയതെന്നു ജോമോന് ആരോപിച്ചു. ഇക്കാര്യത്തില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇതു നിഷേധിച്ചു പി പി തങ്കച്ചനും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഡിഎന്‍എ ടെസ്റ്റിനു വെല്ലുവിളിച്ചാണ് ഇക്കാര്യത്തില്‍ ജോമോന് മറുപടി നല്‍കിയത്. ഇതിനിടെയാണു ജിഷയുടെ പിതാവിന്റെ പരാതിയില്‍ ജോമോനെതിരെ കേസെടുത്തത്. സംഭവം വിവാദമായിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുമായി ജിഷയുടെ അച്ഛന് പാപ്പു രംഗത്തെത്തിയത്.