കൊളംബോ : കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ പേസ് ബോളര്‍ ഇഷാന്ത് ശര്‍മയ്ക്കെതിരെ ഐസിസി നടപടി. ഇഷാന്തിനെ ഒരു ടെസ്റ്റ് മല്‍സരത്തില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. ഐസിസിയുടെ പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് ഇഷാന്തിനെതിരെ നടപടി. ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റ് മല്‍സരത്തിനിടെയായിരുന്നു ഇഷാന്തിന്റെ നടപടി. ഇതോടെ സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റ് മല്‍സരം ഇഷാന്തിന് നഷ്ടമാകും. ശ്രീലങ്കയുടെ ദിനേശ് ചാണ്ഡിമലിനെയും ഒരു ടെസ്റ്റ് മല്‍സരത്തില്‍ നിന്നും വിലക്കിയിട്ടുണ്ട്.
ലങ്കന്‍ താരങ്ങളായ ധമ്മിക പ്രസാദ്, ലാഹിറു തിരിമന്നെ എന്നിവര്‍ക്ക് മാച്ച് ഫീസിന്‍െറ 50 ശതമാനം പിഴയും ഐ.സി.സി ചുമത്തി. ഐ.സി.സി ചട്ടംലംഘിച്ച ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെ ത്തിയതിനെ തുടര്‍ന്ന് നടപടിയുണ്ടാവുകയെന്ന് സിംബാബ്വേക്കാരനായ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് വ്യക്തമാക്കിയിരുന്നു.
മൂന്നാം ടെസ്റ്റിന്‍െറ നാലാംദിവസമാണ് ഉദ്വേഗം നിറഞ്ഞ രംഗങ്ങള്‍ക്ക് സിംഹളീസ് സ്പോര്‍ട്സ് ഗ്രൗണ്ട് സാക്ഷിയായത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്സില്‍ 76ാമത്തെ ഓവറിലാണ് വാക്കേറ്റമുണ്ടായത്. 269ന് ഒമ്പത് എന്നനിലയില്‍ 11ാമനായി ക്രീസിലത്തെിയ ഇശാന്ത് ശര്‍മക്കെതിരെ ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ ധമ്മിക പ്രസാദ് തുടരെ രണ്ട് ബൗണ്‍സറുകള്‍ എറിഞ്ഞു. മൂന്നാമത്തെ ബാളും ബൗണ്‍സറായപ്പോള്‍ ഇശാന്ത് ബൗളറെ നോക്കി ചിരിച്ചു. നോബാളായ അടുത്ത പന്തില്‍ സിംഗിളെടുത്ത് നോണ്‍ സ്ട്രൈക്കള്‍ എന്‍ഡില്‍ എത്തുന്നതിനിടെ പ്രസാദിനെ നോക്കി ഇശാന്ത് ഹെല്‍മറ്റില്‍ അടിച്ചുകാണിച്ചപ്പോള്‍ പ്രസാദ് പ്രകോപിതനായി ഇശാന്തിന് നേരേ അടുക്കുകയായിരുന്നു.
ഷോര്‍ട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ദിനേശ് ചണ്ഡിമലും ലാഹിറു തിരിമന്നയും ഇശാന്തിനുനേരേ പ്രകോപിതനായി അടുത്തു. ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇശാന്തും ചണ്ഡിമലുമായി ശരീരം ഉരസുകയും ചെയ്തു. മറുവശത്ത് ബാറ്റു ചെയ്യുകയായിരുന്ന ആര്‍. അശ്വിനും ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസും ഇടപെട്ട് ശാന്തരാക്കിയെങ്കിലും അശ്വിന്‍ ഒൗട്ടായി ഇന്നിങ്സ് അവസാനിച്ച് പുറത്തേക്ക് പോകുമ്പോള്‍ വീണ്ടും പ്രസാദും ഇശാന്തുമായി ഉടക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കന്‍നിരയില്‍ കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ടായിരുന്നു ഇശാന്ത് ശര്‍മ തിരിച്ചടിച്ചത്. രണ്ടാം ടെസ്റ്റിലും മോശം പെരുമാറ്റത്തിന് ഇശാന്ത് ശര്‍മക്കെതിരെ മാച്ച് ഫീയുടെ 65 ശതമാനം പിഴയായി വിധിച്ചിരുന്നു.