ലോകം ഞെട്ടിത്തരിക്കുന്ന ക്രൂരതകളാണ് ഒരോ ദിവസവും ഐഎസ് തീവ്രവാദികള്‍ ചെയ്യുന്നത്. മനുഷ്യന്റെ തലയറുതക്കുന്നതാണ് തങ്ങള്‍ക്ക് ഏറ്റവും സുഖം തരുന്നതെന്ന് ഐഎസ് നേതാക്കള്‍ പരസ്യമായി പ്രഖ്യാപിക്കുന്നു.
ഇക്കഴിഞ്ഞ ദിവസം ഈ ഭീകരര്‍ ഈജിപ്തില്‍ 100 വയസുള്ള സൂഫിവര്യനെയാണ് തലവെട്ടിക്കൊന്നിരിക്കുന്നത്. കൂടാതെ അഫ്ഗാനിസ്ഥാനിലെ മോസ്‌കില്‍ 32 നിരപരാധികളെ ഐസിസ് കൊന്നൊടുക്കുകയും ചെയ്തിട്ടുണ്ട്.
മന്ത്രവാദം നടത്തുന്നുവെന്നാരോപിച്ചാണ് ഐസിസ് ഈജിപ്തിലെ നൂറ് വയസുള്ള സൂഫിവര്യനായ ഷെയ്ഖ് സുലൈമാന്‍ അബു ഹറാസിനെ തലവെട്ടിക്കൊന്നിരിക്കുന്നത്. ഇവിടുത്തെ സിനായ് പെനിന്‍സുലയിലാണീ ക്രൂരമായ കൊലപാതകം അരങ്ങേറിയത്. മുഖം മറച്ച കറുത്ത വസ്ത്രമണിഞ്ഞ ജിഹാദി ഈ വന്ദ്യവയോധികന്റെ തലവെട്ടുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇയാളെ ഓറഞ്ച് കളറിലുള്ള വസ്ത്രമണിഞ്ഞ് കൈകള്‍ പുറകില്‍ കെട്ടി നിലത്തിരുത്തിയിരിക്കുന്നത് കാണാം. കാഴ്ച കാണാന്‍ ഒരു പറ്റം ഭീകരര്‍ ചുറ്റും വളഞ്ഞ് നില്‍ക്കുന്നുമുണ്ട്.
സിനായ് പെനിന്‍സുലയിലെ അഭിവന്ദ്യനായ സൂഫി വര്യനായിരുന്നു ഹറാസ്. അറിഷ് സിറ്റിയിലെ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ നിന്ന് ഭീകരര്‍ ഇദ്ദേഹത്തെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. 2014 നവംബര്‍ മുതല്‍ ഈ പ്രദേശത്ത് ഐസിസ് സാന്നിധ്യമുണ്ട്.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ജിഹാദികള്‍ റെഡ്‌സീ റിസോര്‍ട്ടില്‍ നിന്നും വിനോദസഞ്ചാരികളെയും വഹിച്ച് കൊണ്ട് വന്നിരുന്ന റഷ്യന്‍ വിമാനത്തിന് ബോംബിട്ടിരുന്നു. ഇത് ഈജിപ്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത അടിയായിത്തീര്‍ന്നിരുന്നു. ഷാം എല്‍ ഷെയ്ഖില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിലെ 224 പേരും കൊല്ലപ്പെടുകയായിരുന്നു.
റഷ്യന്‍ നഗരമായ സെന്റ് പീറ്റേര്‍സ് ബര്‍ഗിലേക്ക് പോകുന്ന എ 321ആയിരുന്നു ബോംബ് വച്ച് തകര്‍ത്തത്. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫറ്റാഹ് എല്‍ സിസിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് 300ല്‍ പരം ഐസിസുകാരെ ഒരു മിലിട്ടറി ട്രിബ്യൂണലിലേക്ക് റഫര്‍ ചെയ്തിരുന്നു. ഇതില്‍ 292 പേര്‍ തീവ്രവാദ ആക്രമണങ്ങളില്‍ പങ്കെടുത്തവരും എല്‍ സിസിയെയും സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ നായെഫിനെ വധിക്കാനുള്ള ഗൂഢാലോചനയിലും ഭാഗഭാക്കായവരായിരുന്നു. നോര്‍ത്തേണ്‍ സിനായ് പെനിന്‍സുലയില്‍ ഐസിസ് സമീപവര്‍ഷങ്ങളിലായി നിരവധി ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.
അതിനിടെ ഇന്നലെ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിന്റെ പശ്ചിഭാഗത്ത് ഐസിസ് ഷിയാ മസ്ജിദായ ബാക്വിര്‍ ഉല്‍ ഉലൂമില്‍ നടത്തിയ മനുഷ്യബോംബാക്രമണത്തിലാണ് 32 പേര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പേരക്കുട്ടി ഇമാം ഹുസൈന്റെ ചരമദിനവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ഒത്ത് കൂടിയവര്‍ക്കിടയിലേക്ക് മനുഷ്യബോംബ് നടന്ന് കയറി സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ കാബൂളിലെ മറ്റൊരു ഷിയാ പള്ളിയില്‍ നടന്ന തീവ്രവാദ ബോംബാക്രമണത്തില്‍ 14 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടപ്പെട്ടിരുന്നത്.