ബ്രസല്‍സിലെ തീവ്രവാദികളുടെ ആക്രമണത്തിന് ശേഷം ഇനി ലക്ഷ്യം ബ്രിട്ടനോ? കഴിഞ്ഞ ദിവസം ഐസിസ് തീവ്രവാദികള്‍ പുറത്ത് വിട്ട സന്ദേശങ്ങള്‍ ഇത്തരത്തിലുള്ള സൂചനകളാണ് നല്‍കുന്നത്. ഗാത്വിക്ക് ആക്രമിക്കാന്‍ ഉത്തരവു കാത്ത് അനേകം ജിഹാദികള്‍ ബ്രിട്ടനില്‍ തന്നെ കഴിയുന്നതായും റിപ്പോര്‍ട്ടുണ്ട്. ബ്രസല്‍സില്‍ നടത്തിയതു പോലുള്ള ആക്രമണത്തിന്റെ തനിപ്പകര്‍പ്പാണു ഗാത്വിക്കിലും നടത്താന്‍ ആലോചിക്കുന്നതെന്നാണു ബ്രിട്ടീഷ് ജിഹാദി വെളിപ്പെടുത്തിയിരിക്കുന്നത്. ഐസിസിനു വേണ്ടി ഇറാഖില്‍ പോരാടിയ ജിഹാദിയാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ബ്രിട്ടനിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമാനത്താവളത്തില്‍ സിറിയയില്‍ നിന്നുമയക്കുന്ന ഐസിസ് സ്ലീപ്പര്‍ സെല്ലുകളെ ഉപയോഗിച്ചാണു കൂട്ടക്കൊല നടത്തുകയെന്നും ബ്രിട്ടീഷ് ജിഹാദി ഭീഷണി മുഴക്കിയിരിക്കുന്നു. വ്യാജപേരില്‍ ഇത്തരം ഭീഷണികള്‍ മുഴക്കിയ ജിഹാദി ആത്മഹത്യാ ബോംബിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന സന്ദേശങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
അല്‍അല്‍ബേനിയെന്നാണ് ഈ ബ്രിട്ടീഷ് ജിഹാദി സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. തന്റെ അല്‍ബേനിയന്‍ പാരമ്പര്യത്തെക്കുറിച്ച് ഇയാള്‍ സൂചനകള്‍ നല്‍കുന്നുമുണ്ട്. ഇയാള്‍ ലണ്ടന്‍ കാരനാണെന്നാണു കരുതുന്നത്. ബ്രസല്‍സില്‍ ഐസിസ് ആക്രമണം നടത്തി 35 പേരെ കൊലപ്പെടുത്തിയതിനു ശേഷം ഇയാള്‍ ഇതിന്റെ സന്തോഷം രേഖപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. നിരവധി ഐസിസ് സ്ലീപ്പര്‍ സെല്ലുകള്‍ ഗാത്വിക്കില്‍ ബോംബ് പൊട്ടിക്കാനുള്ള ഉത്തരവ് കാത്തിരിക്കുകയാണെന്നാണ് ഇയാള്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. തന്നെ തിരിച്ചറിയാതിരിക്കാനായി നിരവധി തവണ ഇയാള്‍ തന്റെ സോഷ്യല്‍ മീഡിയ യൂസര്‍ നെയിം മാറ്റിയതായി തെളിഞ്ഞിട്ടുണ്ട്. തന്റെ ബയോഗ്രഫി വിശദീകരിക്കാന്‍ ഏയറോ പ്ലെയിന്‍, തീ, സ്‌ഫോടനം എന്നിവയുടെ ഇമോട്ടിക്കോണുകളാണ് ഇയാള്‍ കൊടുത്തിരിക്കുന്നത്. ഇപ്പോള്‍ ബയോഗ്രാഫിയില്‍ ഗാത്വിക്ക് എന്ന വാക്കു മാത്രമാണുള്ളത്. ബ്രിട്ടീഷ് വിമാനത്താവളത്തില്‍ ബ്രസല്‍സിനു സമാനമായ ആക്രമണം നടത്തുന്നതിനുള്ള ഇയാളുടെ ആഗ്രഹമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്
സെക്യൂരിറ്റി സര്‍വിസുകള്‍ തന്നെ നിരീക്ഷിക്കുന്നതിനാല്‍ താന്‍ പേരു മാറ്റുകയാണെന്നു മറ്റൊരു ഇന്‍സ്റ്റാഗ്രാം യൂസറുമായുള്ള ആശയവിനിമയത്തില്‍ ഈ ജിഹാദി വെളിപ്പെടുത്തിയിരിക്കുന്നത്. വാഷിങ്ടണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നീരീക്ഷണത്തിലുള്ള ആളാണ് മറ്റെ യൂസര്‍.കുഫറുകള്‍ അഥവാ അവിശ്വാസികള്‍ ഈ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നാണ് ഇയാള്‍ തമാശ രൂപത്തില്‍ വെളിപ്പെടുത്തിയത്. ഡ്രോണുകളും മറ്റുമുപയോഗിച്ച് പാശ്ചാത്യ ശക്തികള്‍ക്കു തങ്ങളെ നശിപ്പിക്കാനാവില്ലെന്നും അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ ഭയം നിറയ്ക്കുമെന്നും അവരുടെ തലയറുക്കുന്നതിനുള്ള കരുത്ത് അല്ലാഹു തങ്ങള്‍ക്കു നല്‍കുമെന്നുമാണ് അല്‍ബേനി കടുത്ത ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആത്മവിശ്വാസം ഏവരെയും ഞെട്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ ഇത്തരം ഭീഷണികളെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.
ഇത്തരം ഭീഷണികളെ ഗൗരവമായി കാണണമെന്നാണ് റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിന്റെ ഡയറക്ടറായ റാഫെല്ലോ പാന്റുകി പറയുന്നത്. ഈ അക്കൗണ്ടിന്റെ അജ്ഞാതാവസ്ഥ തുടരുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട ഭീഷണി യാഥാര്‍ത്ഥ്യമാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണെന്നും അദ്ദേഹം പറയുന്നു.