സിറിയയിലെയും ഇറാഖിലെയും ക്രിസ്ത്യാനികളടക്കമുള്ള ന്യൂനപക്ഷങ്ങളെ വംശഹത്യയ്ക്കു വിധേയരാക്കിയ ഐസിസ് ഇത്തരം നടപടികള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. റാഖയില്‍ തങ്ങളുടെ പ്രഖ്യാപിത തലസ്ഥാനത്തെ എല്ലാ അമുസ്ലീങ്ങളെയും കൊന്നൊടുക്കാനാണത്രെ ഐസിസ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്രിസ്ത്യാനികളും അര്‍മേനിയക്കാരും താമസിക്കുന്നിടത്തു നിന്നു പുറത്തിറങ്ങരുതെന്നും നഗരം വിട്ട് പോകരുതെന്നുമാണ് ഭീകരര്‍ ഉത്തരവിട്ടിരിക്കുന്നത്. സിറിയന്‍ ആക്ടിവിസ്റ്റുകളാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ റാഖയില്‍ 25ല്‍ പരം ക്രിസ്ത്യന്‍ കുടുംബങ്ങളാണുള്ളത്. ഭീകരരുടെ പുതിയ ഭീഷണിയെ തുടര്‍ന്ന് ഇവരുടെ സുരക്ഷയെ ചൊല്ലി ആശങ്കകള്‍ ഉയര്‍ന്നിരിക്കുകയാണ്.
ഐസിസ് നിയന്ത്രിത പ്രദേശമായ റാഖയിലെ ക്രിസ്ത്യാനികളുടെ നേരെ കടുത്ത പീഡനം ആരംഭിക്കാന്‍ പോകുന്നുവെന്ന കാര്യം ആക്ടിവിസ്റ്റ് ഗ്രൂപ്പ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെയുള്ള ക്രിസ്ത്യാനികള്‍ക്കു സ്വദേശമായ സിറിയയേക്കാള്‍ കൂറു പാശ്ചാത്യ രാജ്യങ്ങളോടാണെന്ന് ആരോപിച്ചാണു ഭീകരര്‍ ഇവര്‍ക്കു നേരെ തിരിയാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും വെബ്‌സൈറ്റ് റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടുന്നു. ഐസിസിന്റെ കസ്റ്റഡിയിലായിരുന്ന പുരാതന നഗരമായ പാല്‍മിറ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ ആസാദിന്റെ സൈന്യം റഷ്യന്‍ വ്യോമാക്രമണ പിന്തുണയോടെ തിരിച്ചു പിടിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നു ദിവസങ്ങള്‍ക്കു ശേഷമാണ് ഐസിസിന്റെ പുതിയ ഭീഷണിയും പുറത്തു വന്നത്.
ആറു മാസമായി റഷ്യ സിറിയയില്‍ ഐസിസിനു നേര്‍ക്കു നടത്തുന്ന വ്യോമാക്രമണത്തെ തുടര്‍ന്നു സിറിയന്‍ സേനയ്ക്കു ഭീകരരില്‍ നിന്നും നിരവധി പ്രദേശങ്ങള്‍ തിരിച്ചു പിടിക്കാന്‍ സാധിച്ചിട്ടുണ്ട്. സെന്‍ട്രല്‍ സിറിയന്‍ ഡിസേര്‍ട്ടിലെ പാര്‍മിറയും ഇവിടുത്തെ മിലിട്ടറി എയര്‍പോര്‍ട്ടും തിരിച്ചു പിടിക്കാന്‍ സാധിച്ചതോടെ കിഴക്കുള്ള ഡെയ്‌ര് അല്‍ സോര്‍ പ്രവിശ്യയിലേക്കും റാഖയിലേക്കുമുള്ള സൈന്യത്തിന്റെ സഞ്ചാരം എളുപ്പമുള്ളതാക്കി തീര്‍ക്കുമെന്നാണു റിപ്പോര്‍ട്ട്. ഇറാഖിലും സിറിയയിലും ഐസിസ് നടത്തുന്ന തേര്‍വാഴ്ചയുടെ ഫലമായി അവര്‍ ആയിരക്കണക്കിനു ക്രിസ്ത്യാനികളെയാണു കൂട്ട വംശഹത്യയ്ക്കു വിധേയരാക്കിയത്.
ആയിരക്കണക്കിനു ക്രിസ്ത്യാനികള്‍ ഇതിനെ തുടര്‍ന്നു ജീവന്‍ പേടിച്ചു ഇവിടെ നിന്നു പലായനം ചെയ്യുകയുമുണ്ടായി. തല്‍ഫലമായി പ്രദേശത്തെ ക്രിസ്തുമതം തുടച്ചു നീക്കലിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഇതിനു പുറമെ ഈ പ്രദേശങ്ങളിലെ ചരിത്ര പ്രാധാന്യമുള്ള നിരവധി കെട്ടിടങ്ങളും ഐസിസുകാര്‍ തച്ചു തകര്‍ത്തിട്ടുണ്ട്. ഇവയില്‍ പലതും ഇസ്ലാമിക വിരുദ്ധമാണെന്നു പറഞ്ഞാണ് ഐസിസുമാര്‍ ഇതു ചെയ്തിരിക്കുന്നത്. നിനെവെഹ്, പാല്‍മിറ, ഹാട്ര മ്യൂസിയങ്ങള്‍, ലൈബ്രറികള്‍ തുടങ്ങിയവ ഇവര്‍ നശിപ്പിച്ചിട്ടുണ്ട്.