ഐസിസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി മരിച്ചു; സ്ഥിരീകരണം വന്നു; മരിച്ചത് മലപ്പുറം സ്വദേശി

ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് മരിച്ചത്. സിബിനെന്ന യുവാവാണ് സിറിയയില്‍ മരിച്ചതായി സ്ഥിരീകരണം വന്നത്. മാസങ്ങള്‍ക്കു മുമ്പ് തന്നെ പാലക്കാട് നിന്നും രാജ്യം വിട്ട സംഘത്തിലുണ്ടായിരുന്നയാളാണ് സിബിന്‍. കുറച്ചു മാസങ്ങളായി ഇയാളെക്കുറിച്ചു നാട്ടിലും കുടുംബത്തിലും വിവരമൊന്നും ലഭിച്ചിരുന്നില്ല. ഐസിസുമായി സിബിന് ബന്ധമുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. എന്നാല്‍ ഇയാള്‍ സിറിയയിലേക്ക് പോയതിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിരുന്നില്ല. കണ്ണൂരില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് ഐസിസുമായി ബന്ധമുള്ള സംഘത്തെ പിടികൂടിയതോടെയാണ് സിബിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചത്. സിറിയയില്‍ വച്ചു സിബിന്‍ കൊല്ലപ്പെട്ടതായി ഇവര്‍ അന്വേഷണസംഘത്തോടുവെളിപ്പെടുത്തുകയായിരുന്നു. കണ്ണൂരില്‍ പിടിയിലായ സംഘത്തോടൊപ്പമല്ല സിബിന്‍ സിറിയയിലേക്ക് കടന്നതെന്നു വ്യക്തമായിട്ടുണ്ട്. പാലക്കാട്ട് നിന്നും പോയ സംഘത്തിലാണ് സിബിന്‍ ഉള്‍പ്പെട്ടതെന്നും അന്വേഷണസംഘം വ്യക്തമാക്കി. മലപ്പുറം വണ്ടൂരില്‍ രജിസ്റ്റര്‍ ചെയ്ത ഐസിസ് കേസിന്റെ കൂടുതല്‍ അന്വേഷണത്തിനു വേണ്ടി കണ്ണൂരില്‍ പിടിയിലായ യുകെ ഹംസയെന്ന ബിരിയാണി ഹംസയെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. ഇയാള്‍ ഇപ്പോള്‍ ജയിലിലാണുള്ളത്. ജയിലില്‍ വച്ചു ഹംസയെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കുമെന്നാണ് സൂചന. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എട്ടു പേര്‍ക്കെതിരേയാണ് വണ്ടൂരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ നാലു പേരും സിറിയയില്‍ വച്ചു കൊല്ലപ്പെട്ടതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ കണ്ടെത്താനുള്ള അന്വേഷത്തിലാണ് പോലീസ്. വാണിയമ്പലം സ്വദേശിയായ മനയില്‍ അഷ്‌റഫ് മൗലവിയെ അന്വേഷണസംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇയാള്‍ മംഗലാപുരത്താണ് ഉണ്ടായിരുന്നത്. ഇയാളെ ചോദ്യം ചെയ്യലിനായി പോലീസ് വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്യലിന് എപ്പോള്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടാലും വരണമെന്ന നിബന്ധനയോടെയാണ് ഇയാളെ വിട്ടയച്ചത്. ബഹ്‌റൈനില്‍ വച്ചു ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും മറ്റുമുള്ള സഹായങ്ങള്‍ ചെയ്തു കൊടുത്തെന്നതാണ് അഷ്‌റഫ് മൗലവിക്കെതിരേയുള്ള കുറ്റം. ഗള്‍ഫിലായിരുന്ന ഇയാള്‍ കുറച്ചു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്.

Top