
സ്വന്തം ലേഖകൻ
കാസർഗോഡ്: ഇസഌമിക് സ്‌റ്റേറ്റ് ബന്ധം സംബന്ധിച്ച ആരോപണത്തിൽ കാസർഗോട്ട് നിന്നും കാണാതായ സംഘത്തിൽ പെട്ട റിഫൈല എന്ന യുവതി വീട്ടുകാരുമായി ബന്ധപ്പെട്ടു. ഞായറാഴ്ച രാത്രി പിതാവിന് ഇവർ സന്ദേശം അയച്ചതായും തങ്ങൾ സുരക്ഷിതരാണെന്നും ഉടൻ ജോലിയിൽ പ്രവേശിക്കുമെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം എവിടെ നിന്നുമാണ് സന്ദേശം അയച്ചതെന്ന് വ്യക്തമല്ല. ഇത് ഏത് രാജ്യത്ത് നിന്നുമാണെന്ന അന്വേഷണം തുടങ്ങി.
കാസർഗോഡ് നിന്നും കാണാതായ 17 പേരിൽ പെടുന്നയാളാണ് റിഫൈല. പടന്നയിൽ കാണാതായ സംഘത്തിലെ ഇജാസിന്റെ ഭാര്യയാണ് റിഫൈല. വോയ്‌സ് മെസേജാണ് അയച്ചത്. സന്ദേശം മാതാപിതാക്കൾ പോലീസിന് കൈമാറി. ഇതിനിടയിൽ പെരിന്തൽമണ്ണയിൽ നിന്നും മതം മാറിയ മറ്റൊരു യുവാവിനെ കൂടി കാണാതായിട്ടുണ്ട്. 2014 മെയ് 10 നാണ് ഇയാളെ മലപ്പുറത്ത് നിന്നും കാണാതായത്. മതം മാറി അബ്ദുള്ള എന്ന പേര് സ്വീകരിച്ച ഇയാൾ യെമനിൽ ഭീകരരുടെ തടവിൽ പെട്ടിരിക്കാമെന്നാണ് സംശയം. ദുരൂഹ മതം മാറ്റം നടത്തിയവരുടെ കാര്യത്തിൽ അന്വേഷണം വേണമെന്ന് ഹൈക്കോടതിയും പറഞ്ഞു.
ഐഎസുമായി ബന്ധപ്പെട്ട് കേരളം ഏറെ ചർച്ചയായ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന ഇന്റലിജന്റ്‌സ് മേധാവികളുടെ യോഗം ഇന്ന് 11 മണിക്ക് ഡൽഹിയിൽ ചേരുന്നുണ്ട്. സംഭവം സംസ്ഥാന കേന്ദ്ര ഏജൻസികൾ സംയുക്തമായിട്ടാണ് അന്വേഷിക്കുന്നത്. ഇതേ തുടർന്ന് സംസ്ഥാന രഹസ്യാന്വേഷണ മേധാവി ശ്രീലേഖ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും വ്യാപകമായ യുവാക്കളെ കാണാതാകുകയും ഇവർ ഐഎസിൽ ചേർന്നിരിക്കാമെന്ന് സംശയവും ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടുകൾ സംസ്ഥാന ഇന്റലിജന്റ്‌സ് മേധാവി കേന്ദ്ര സംഘത്തിന് മുന്നിൽ സമർപ്പിക്കും. അഫ്ഗാൻ, സിറിയ എന്നിവിടങ്ങളിലേക്ക് കേരളീയർ പോയതായി സ്ഥിരീകരണം വരുത്തുകുയും ചെയ്യും.