
ഭീകരസംഘടനായ ഇസ്‍ലാമിക് സ്റ്റേറ്റിന്റെ തലവൻ അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ഖുറേഷിയെ വധിച്ചതെന്ന് ജോ ബൈഡൻ പറഞ്ഞു.
വടക്കുപടിഞ്ഞാറൻ സിറിയയിൽ വ്യാഴാഴ്ച നടത്തിയ സൈനിക നീക്കത്തിലാണ് അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടത്. സൈനികരുടെ ധീരതയ്ക്കു നന്ദി അറിയിക്കുന്നതായും യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. സൈനിക നീക്കത്തിനു ശേഷം യുഎസ് സൈനികരെല്ലാം തിരിച്ചെത്തിയെന്നും ബൈഡൻ അറിയിച്ചു. ആറു കുട്ടികളും നാല് സ്ത്രീകളുമടക്കം 13 പേർ സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടതായാണു വിവരങ്ങൾ.
2019 ഒക്ടോബർ 31നാണ് അബു ഇബ്രാഹിം അൽ ഹഷിമി അൽ ഖുറേഷി ഭീകരസംഘടനയുടെ തലപ്പത്തെത്തിയത്. ഐഎസ് തലവനായിരുന്ന അബൂബക്കർ അൽ ബഗ്ദാദിയെ യുഎസ് വധിച്ചതിനു പിന്നാലെയായിരുന്നു നീക്കം.
ബഗ്ദാദി കൊല്ലപ്പെട്ട അതേരീതിയിലായിരുന്നു ഖുറേഷിയും കൊല്ലപ്പെട്ടത്. യുഎസ് സൈന്യം എത്തിയപ്പോൾ കുടുംബത്തോടൊപ്പം ഭീകര സംഘടനാ തലവൻ ബോംബുപയോഗിച്ചു സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
സിറിയയിൽ കൂടുതൽ ആക്രമണങ്ങള്‍ നടത്തി ശക്തി പ്രാപിക്കാൻ ഐഎസ് ശ്രമിക്കുന്നതിനിടെയാണ് അവരുടെ തലവനെ തന്നെ യുഎസ് വകവരുത്തിയത്. പ്രദേശത്തെ ഒരു ജയിൽ പിടിച്ചെടുക്കുന്നതിന് ഐഎസ് ഭീകരർ പത്തു ദിവസത്തോളം പോരാടിയിരുന്നു.
ഹെലികോപ്റ്ററിലെത്തിയ യുഎസ് സൈന്യം വീട് ആക്രമിക്കുകയായിരുന്നെന്നും രണ്ടു മണിക്കൂറോളം ഭീകരരുമായി പോരാടിയതായും ദൃക്‌സാക്ഷികൾ പറയുന്നു. സിറിയൻ ആഭ്യന്തര യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട ആളുകൾ തിങ്ങിപ്പാർക്കുന്ന ക്യാംപുകളുള്ള പ്രദേശമാണിത്.
ഇറാഖ് പൗരനായ ഖുറേഷി, തുർക്ക്മെൻ വിഭാഗക്കാർക്കു മുന്‍തൂക്കമുള്ള തല്‍ അഫർ സ്വദേശിയാണ്. അമിർ മുഹമ്മദ് സയിദ് അബ്ദുൽ റഹ്മാൻ അൽ മാവിയ എന്ന പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു. 10 മില്യൻ ഡോളറാണ് ഖുറേഷിയെക്കുറിച്ചു വിവരം നൽകുന്നവർക്ക് യുഎസ് സർക്കാർ പാരിതോഷികമായി വാഗ്ദാനം ചെയ്തിരുന്നത്.
അൽ ഖായിദ ഭീകര സംഘടനയിലെ ഉന്നതനെയാണ് യുഎസ് സൈനിക നീക്കത്തിൽ ലക്ഷ്യമിട്ടതെന്നായിരുന്നു തുടക്കത്തിൽ പുറത്തുവന്ന വിവരം. ഭീകര സംഘടനാ തലവന്‍, വാടകക്കാരനായി സാധാരണ ജീവിതമാണു നയിച്ചിരുന്നതെന്ന് കെട്ടിടത്തിന്റെ ഉടമ പറഞ്ഞതായി വിവരങ്ങളുണ്ട്.
‘അയാളിവിടെ 11 മാസത്തോളമായി താമസിക്കുന്നു. സംശയകരമായി ഒന്നും ശ്രദ്ധയിൽപെട്ടിട്ടില്ല. അയാൾ വരും, വാടക തരും, പോകും. മൂന്നു കുട്ടികൾക്കും ഭാര്യയ്ക്കുമൊപ്പമാണു വീട്ടിൽ കഴിഞ്ഞിരുന്നത്. അയാളുടെ വിധവയായ സഹോദരിയും അവരുടെ മകളും കൂടെയുണ്ടായിരുന്നതായും കെട്ടിട ഉടമ അബു അഹമ്മദ് പറഞ്ഞു.