കെയ്‌റോ: പാരീസ് ആക്രമണത്തിന് പിന്നാലെ അടുത്ത ലക്ഷ്യം അമേരിക്കയാണെന്നും വാഷിങ്ടണില്‍ ആക്രമണം നടത്തുമെന്ന് ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മുന്നറിയിപ്പ്. സിറിയയില്‍ വ്യോമാക്രമണം നടത്തുന്ന രാജ്യങ്ങള്‍ക്കെല്ലാം ഫ്രാന്‍സിന്റെ ഗതി തന്നെയായിരിക്കുമെന്ന് വീഡിയോ സന്ദേശത്തില്‍ പറയുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് സന്ദേശങ്ങള്‍ പതിവായി പോസ്റ്റ് ചെയ്യാറുള്ള വെബ്‌സൈറ്റിലാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കുന്ന വീഡിയോ സന്ദേശമുള്ളത്.
ഫ്രഞ്ച് ആസ്ഥാനത്ത് തന്നെ ആക്രമണം നടത്തി തിരിച്ചടി നല്‍കി. അതുപോലെ അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടണും ആക്രമിക്കും-വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടയാള്‍ മുന്നറിയിപ്പ് നല്‍കി. പാരീസിന് നേര്‍ക്കുണ്ടായത് യുദ്ധം തന്നെയെന്നും അതിന്റെ പേരില്‍ ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ സിറിയയിലും ഇറാഖിലും നടത്തുന്ന ആക്രമണം നിര്‍ത്തിവെക്കില്ലെന്നും ഫ്രാന്‍സ് പ്രഖ്യാപിച്ചിരുന്നു. സിറിയയില്‍ നാളിതുവരെ നടത്തിയതില്‍ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഞായറാഴ്ച ഫ്രാന്‍സ് നടത്തിയത്. ഐ.എസിന്റെ ശക്തികേന്ദ്രമായ റാഖ നഗരത്തിലായിരുന്നു രൂക്ഷമായ വ്യോമാക്രമണം നടന്നത്.