ലണ്ടന്‍: ഐഎസിനായി മരിക്കാന്‍ തയാറാണെന്ന് ഇന്ത്യന്‍ വംശജനായ ‘പുതിയ ജിഹാദി ജോണ്‍’ അബു റുമൈസ എന്നു പേരു സ്വീകരിച്ച സിദ്ധാര്‍ഥ് ധര്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ സഹോദരി. ലണ്ടനില്‍ താമസിക്കുന്ന കോനിക ധര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആണ് അബു റുമൈസ എന്ന സിദ്ധാര്‍ഥ് ധര്‍ ടെലിഫോണില്‍ സഹോദരിയോട് സംസാരിച്ചത്.
ഞാന്‍ മരിക്കാന്‍ തയാറെടുക്കുകയാണ്. ആശങ്കവേണ്ടെന്നും സിദ്ധാര്‍ഥ് ധര്‍ പറഞ്ഞതായി കോനിക ഒരു വിദേശ മാധ്യമത്തോട് പറഞ്ഞു. സിറിയയില്‍ എത്തിയ റുമൈസയോട് മടങ്ങി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മടങ്ങാന്‍ തയാറല്ലെന്നും പൊലീസ് അറസ്റ്റ് ചെയ്തേക്കുമെന്ന ഭയം ഭീകരന് ഉണ്ടായിരുന്നുവെന്നും സഹോദരി പറയുന്നു. സഹോദരന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ നിരാശയുണ്ട്. പക്ഷെ, അദ്ദേഹത്തെ ഇപ്പോഴും സ്നേഹിക്കുന്നു. കാരണം അദ്ദേഹം എന്റെ സഹോദരനാണ്. –കോനിക പറഞ്ഞു.
കഴിഞ്ഞ ദിവസം സിറിയ, ഇറാഖ് മേഖലയില്‍ ഐഎസിന്റെ അധീനതയിലുള്ള പ്രദേശത്ത് ബ്രിട്ടനു വേണ്ടി ചാരപ്രവൃത്തി നടത്തിയെന്നാരോപിച്ചു മുഖംമൂടി ധരിച്ച തോക്കുധാരി അഞ്ചുപേരെ വെടിവച്ചു കൊല്ലുന്ന വിഡിയോ ഐഎസ് പുറത്തു വിട്ടിരുന്നു. ഇതില്‍ പ്രത്യക്ഷപ്പെട്ടയാളാണ് പുതിയ ജിഹാദി ജോണ്‍ എന്നാണ് കരുതുന്നത്. ഐഎസിന്റെ മുന്‍ വിഡിയോകളില്‍ ബന്ദികളുടെ തലയറുത്തിരുന്ന മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണിന്റെ പിന്‍മുറക്കാരനായാണ് ഇയാളെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ജിഹാദി ജോണ്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
നേരത്തേ കുട്ടികള്‍ക്കുള്ള ബലൂണ്‍ പന്തുകള്‍ വില്‍പന നടത്തിയിരുന്ന സിദ്ധാര്‍ഥ് ധര്‍ പത്തുവര്‍ഷം മുന്‍പാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. പിന്നീട് ഇയാള്‍ ബ്രിട്ടനിലെ തീവ്ര ഇസ്‌ലാമിക സംഘടനയായ അല്‍ മുഹാജിറൂനില്‍ അംഗമായി. കഴിഞ്ഞവര്‍ഷം ബ്രിട്ടനില്‍ ശരീഅത്ത് നിയമം നടപ്പാക്കണമെന്നും മറ്റും ആവശ്യപ്പെട്ടതിന് അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഭാര്യയ്ക്കും നാലു മക്കള്‍ക്കുമൊപ്പം സിറിയയിലേക്കു കടക്കുകയായിരുന്നു. റുമൈസ സൗമ്യനായ ചെറുപ്പക്കാരനായിരുന്നുവെന്നും ഇയാളുടെ ഭാര്യയായിരുന്നു കൂടുതല്‍ തീവ്രനിലപാടുകാരിയെന്നും അയല്‍ക്കാര്‍ ഓര്‍ക്കുന്നു. ഇയാള്‍ ഒരു കയ്യില്‍ തന്റെ നവജാത പുത്രനെയും മറുകയ്യില്‍ എകെ 47 തോക്കും പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു