ട്രംപ് തങ്ങളുടെ ജോലി ഏറ്റവും എളുപ്പമാക്കുന്നെന്ന് തീവ്രവാദികള്‍; അമേരിക്കയിലെ മുസ്ലീം വിലക്കില്‍ സന്തോഷിച്ച് ഐസിസ്

മുസ്ലീം കുടിയേറ്റക്കാരെ വിലക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ആഹ്ലാദിച്ച് തീവ്രവാദികള്‍. കടുത്ത പ്രതിഷേധം നേരിടുന്നതിനിടയിലും ഇസ്ളാമിക ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിലെ മുസ്ളീങ്ങള്‍ക്ക് യാത്രാ നിരോധന തുടരാന്‍ തന്നെയാണ് തീരുമാനമെന്നും അത് രാജ്യത്തിന്റെ പഴുതടച്ച സുരക്ഷയ്ക്ക് വേണ്ടിയാണെന്നും വൈറ്റ ഹൗസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടു വന്ന പ്രഖ്യാപനത്തില്‍ വിജയാഹ്ളാദം നടത്തുകയാണ് ഇസ്ളാമിക് സ്റ്റേറ്റ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍. അമേരിക്കയുടെ പുതിയ നയം ഇസ്ളാമിനെതിരേയുള്ള യുദ്ധം തന്നെയാണ് എന്നത് ഇതിനാല്‍ തെളിഞ്ഞെന്നാണ് ഇവര്‍ നടത്തുന്ന അവകാശവാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്രംപ് നിര്‍ദേശം കര്‍ശനമായി നടപ്പാക്കുന്നത് അമേരിക്കയിലുള്ള ഇസ്ളാമികളെ തങ്ങളുടെ പക്ഷത്താക്കുമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്ന ഇസ്ളാമിക് സ്റ്റേറ്റ് അനുകൂല പോസ്റ്റുകളില്‍ പറയുന്നത്. ഇപ്പോള്‍ ഇസ്ളാമികളോട് യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ട്രംപ് വിദൂരഭാവിയില്‍ മദ്ധ്യേഷ്യയിലും പുതിയ യുദ്ധം പ്രഖ്യാപിക്കുമെന്നും പറയുന്നു.

മുസ്ളീങ്ങളെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുന്ന ട്രംപിന്റെ പ്രഖ്യാപനം അനുഗ്രഹീതം എന്നാണ് ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ പ്രതികരണം. ടെലിഗ്രാം വഴിയുള്ള തങ്ങളുടെ ചാനലില്‍ ഇക്കാര്യം ബാഗ്ദാദി വെളിപ്പെടുത്തുകയും ചെയ്തു. 2003 ല്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തോടാണ് ബാഗ്ദാദി ഇതിനെ ഉപമിച്ചത്. ഇസ്ളാമിക ലോകത്ത് ഉടനീളം പാശ്ചാത്യ വിരുദ്ധതയ്ക്ക് കാരണമായത് ഇതായിരുന്നു.

2011 ല്‍ യെമനില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അന്‍വര്‍ അല്‍ അവ്ലാക്കിയുടെ പ്രവചനം ശരിയാക്കുന്നതാണ് ട്രംപിന്റെ നീക്കമെന്നും മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ നാട്ടിലെ തന്നെ മുസ്ളീങ്ങള്‍ക്കെതിരാകും എന്നായിരുന്നു അന്ന് അന്‍വര്‍ പറഞ്ഞത്. അതുപോലെ തന്നെ ഇസ്ളാമിക് സ്റ്റേറ്റിനും ട്രംപിന്റെ തീരുമാനം നല്‍കുന്ന സന്തോഷം ചില്ലറയല്ല.

2015 ല്‍ തീവ്രവാദി സംഘടനയുടെ ഇംഗ്ളീഷ് പതിപ്പില്‍ തങ്ങള്‍ പാശ്ചാത്യ രാജ്യങ്ങളെ ലക്ഷ്യമിടുന്നത് അവിടുത്തെ ഇസ്ളാമിക വിരുദ്ധ മനോഭാവം ഉണര്‍ത്താന്‍ വേണ്ടിയാണെന്നും അതിലൂടെ അവിടുത്തെ ഇസ്ളാമികള്‍ തങ്ങളെ പിന്തുണയ്ക്കുന്നവരാക്കാന്‍ വേണ്ടിയാണെന്നും പറഞ്ഞിരുന്നു.

ഒബാമയ്ക്കും ബുഷിനുമെല്ലാം ഈ മതവിദ്വേഷം ഉണ്ടായിരുന്നതായും അത് തീവ്രവാദികളോട് മാത്രമായിരുന്നില്ലെന്നും ഐഎസ് പറയുന്നു. എന്നിരുന്നാലും തങ്ങളുടെ ജോലി ഏറ്റവും എളുപ്പമാക്കിയത് ട്രംപാണെന്നും വ്യക്തമാക്കിയിരുന്നു. ഇത് തീവ്രവാദികളുടെയും അമേരിക്കന്‍ വിരുദ്ധരുടേയും വിജയം തന്നെയാണെന്നും തീവ്രവാദികള്‍ക്കിടയിലേക്ക് ആളെ വിട്ട് അവരുടെ പദ്ധതികള്‍ മനസ്സിലാക്കാനുള്ള ചാരപ്പണികള്‍ക്കും മറ്റും തീരുമാനം തിരിച്ചടി നല്‍കുമെന്നും സിഐഎ പറഞ്ഞിട്ടുണ്ട്.

Top