ക്രൈം ഡെസക്
ദുരൂഹ സാഹചര്യത്തിൽ സംസ്ഥാനത്തുനിന്നു കാണാതായി ഭീകര സംഘടനയായ ഐ.എസിൽ എത്തിചേർന്നതായി സംശയിക്കുന്ന 21 പേരിൽ 17 പേർ പീസ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ 12 സ്‌കൂളുകളിൽ ജോലി ചെയ്തിരുന്നതായി അന്വേഷണ സംഘം. ബാക്കി നാലുപേർ വിദ്യാർഥികളാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കാണാതായവരുടെ പൂർണവിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചു. ഇവരെ അവസാനമായി കണ്ട സ്ഥലം, ജോലി ചെയ്ത സ്ഥലങ്ങൾ, പൂർണ മേൽവിലാസം, എന്നിവ സംബന്ധിച്ചുള്ള വിവരവും ലഭിച്ചിട്ടുണ്ട്.
ഐ.എസിൽ ചേർന്നുവെന്നു കരുതുന്ന മെറിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പിടിയിലായ ആർഷി ഖുറേഷിയിൽ നിന്നാണ് ഇവരുടെ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചത്. മുംബൈയിൽനിന്നു പിടിയിലായ ഇയാളെ റോയുടെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ടാണു ചോദ്യം ചെയ്തത്. പീസ് ഇന്റർ നാഷണൽ സ്‌കൂളിന് പാക് അധീന കാശ്മീരിൽനിന്നു ഫണ്ട് ലഭിച്ചതായും വിവരമുണ്ട്. എ.ടി.എം വഴിയാണ് ഫണ്ട് കൈമാറിയത്. 201415 കാലഘട്ടത്തിൽ ലഭിച്ച തുക സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് തീരുമാനം.
സംഭവവുമായി ബന്ധപ്പെട്ട് അടുത്തിടെ ചോദ്യം ചെയ്ത മൂന്നു വൻ വ്യവസായികൾ വർഷങ്ങളായി സംഘടനക്കു വേണ്ടി ഫണ്ട് കൈമാറിയിരുന്നു. കൊച്ചിയിലെ പ്രമുഖ മത പണ്ഡിതന്റെ നിർദേശ പ്രകാരമാണ് ഫണ്ട് കൈമാറിയതെന്നാണ് ഇവർ അന്വേഷണ സംഘത്തേ ധരിപ്പിച്ചത്. വ്യവസായികളുടെ മൊഴി മുഖവിലക്കെടുക്കാത്ത അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. വ്യവസായികൾ വെളിപ്പെടുത്തിയ മതപണ്ഡിതൻ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ സ്ഥാപകനായ സാക്കിർ നായിക്കിന്റെ അനുയായിയാണ്.
ഇയാൾക്ക് സംസ്ഥാനത്തെ ഐ.എസിന്റെ പ്രവർത്തനങ്ങളുമായി നേരിട്ട് പങ്കുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുന്നുണ്ട്. മറ്റു മതങ്ങളേയും മതഗ്രന്ഥങ്ങളേയും താരതമ്യം ചെയ്ത് പ്രബോധനം നടത്താറുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഇയാൾ ഇതുവരേയും രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ണിൽപ്പെട്ടില്ല എന്നത് ദുരൂഹത ഉണർത്തുന്നു.
ഐ.എസ് ബന്ധം സംശയിക്കുന്ന മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആർഷിദ് ഖുറേഷി, സാക്കിർ നായികിന്റെ ഇസ്ലാമിക് റിസേർച്ച് ഫൗണ്ടേഷൻ പി.ആർ.ഒ ആയിരുന്നു. ഇയാളുടെ നേതൃത്വത്തിൽ മുംബൈയിൽവച്ചാണ് മതപരിവർത്തനങ്ങൾ നടന്നത്.
കാണാതായ മെറിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഖുറേഷിയെ പിടികൂടിയത്. തമ്മനം സ്വദേശിനി മെറിൻ ജേക്കബ് എന്ന മറിയം ഒന്നര വർഷത്തോളം വെണ്ണലയിലെ സ്‌കൂളിൽ ജോലി ചെയ്തിരുന്നതായി അന്വേഷണ സംഘം നേരത്തേ തന്നെ കണ്ടെത്തിയിരുന്നു. എന്നാൽ, സംസ്ഥാനത്തുനിന്നു ദുരൂഹ സാഹചര്യത്തിൽ കാണാതായവരിൽ ഭൂരിഭാഗം പേരും സ്‌കൂളിൽ ജോലി ചെയ്തിരുന്ന വിവരം അന്വേഷണ സംഘം പുറത്തുവിടുന്നത് ഇത് ആദ്യമായാണ്.