പൂനെ: ഇസ്‌ളാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത 16കാരി ചാവേറാകാന്‍ തയ്യാറായിരുന്നതായി എ.ടി.എസ് വെളിപ്പെടുത്തല്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാനേജരായ മുഹമ്മദ് സിറാജുദ്ദീനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പൂനെയിലെ ഒരു പ്രമുഖ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് ഇസ്‌ളാമിക് സ്റ്റേറ്റുമായുള്ള ബന്ധം പുറത്തുവന്നത്.
ഐ.എസുമായി ബന്ധമുള്ള മഹാരാഷ്ര്ട, തെലുങ്കാന, തമിഴ്‌നാട്, ജമ്മു കാശ്മീര്‍, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള നിരവധി ആളുകളുമായി പെണ്‍കുട്ടി ബന്ധം പുലര്‍ത്തിയിരുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ അറിയാന്‍ കഴിയുന്നത്. ടെലിവിഷനില്‍ വന്ന ഇസ്‌ളാമിക് സ്റ്റേറ്റിന്റെ ഒരു ഡോക്യുമെന്ററി കണ്ടാണ് വിദ്യാര്‍ത്ഥിനി തീവ്രവാദത്തിലേക്ക് ആകൃഷ്ടയായത്. വാട്‌സ് അപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ വഴിയാണ് തീവ്രവാദികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നത്. സിറിയയിലെ മെഡിക്കല്‍ കോളേജില്‍ ഉപരിപഠനത്തിന് അവസരമൊരുക്കാം എന്ന വാഗ്ദാനം ഐ.എസ് വിദ്യാര്‍ത്ഥിനിക്ക് കൊടുത്തിരുന്നു. ഇന്ത്യക്കു പുറമെ ബ്രിട്ടന്‍, സൗദി അറേബ്യ, കെനിയ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളും മുഹമ്മദ് സിറാജുദ്ദീനൊപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് എ.ടി.എസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.