ഐ.എസ് റിക്രൂട്ട്മെന്റിന് പിന്നില്‍ തൃക്കരിപ്പൂര്‍ സ്വദേശി.?കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയവര്‍ അഫ്ഗാനിലും സിറിയയിലുമെത്തിയെന്ന് സ്ഥിരീകരണം

ന്യുഡള്‍ഹി :കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയവര്‍ സിറിയയിലും അഫ്ഗാനിസ്ഥാനിലും എത്തിയെന്ന് കേന്ദ്ര ഏജന്‍സികളുടെ സ്ഥിരീകരണംപുറത്തു വന്നു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, റോ എന്നീ ഏജന്‍സികളാണ് സംസ്ഥാന ഇന്റലിജന്‍സിനെ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അതേസമയം കേരളത്തില്‍ നിന്ന് ഐഎസിലേക്ക് ആളുകളെ കൊണ്ടു പോയതിന് പിന്നില്‍ തൃക്കരിപ്പുര്‍ സ്വദേശി അബ്ദൂള്‍ റാഷിദ് ആണെന്ന് സൂചനകള്‍ പുറത്തു വന്നു . ഏതാനും നാളുകള്‍ മുമ്പ് വരെ കോഴിക്കോട്ടെ മുജാഹിദുകളുടെ നിയന്ത്രണത്തിലുള്ള സ്കൂളിന്റെ അഡ്മിനിസ്‍ട്രേറ്ററായിരുന്നു അബ്ദൂള്‍ റാഷിദ്.തൃക്കരിപ്പൂര്‍ ഉടുമ്പന്തലയിലെ അബ്ദൂള്‍ റാഷിദാണ് കാസര്‍കോഡുകാരായ 11 പേരെ ഐ.എസിലേക്കെത്തിച്ചതെന്ന സൂചനകളാണ് ശക്തമാകുന്നത്. ഭാര്യ ആയിഷയോടൊപ്പമാണ് ഇയാളെ കാണാതായത്. ഏതാനും നാളുകളായി തൃക്കരിപ്പൂര്‍ കേന്ദ്രീകരിച്ച് ഖുര്‍ആന്‍ ക്ലാസുകളെന്ന പേരില്‍ ഇയാള്‍ ഐ.എസിലേക്ക് ചേക്കേറാനുള്ള ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നുവെന്ന് കാണാതായ ഡോക്ടര്‍ ഇജാസിന്റെ ബന്ധു മുജീബ്  പറഞ്ഞു.ISIS_Master_mind_

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുജാഹിദ് ഔദ്യോഗിക വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ പീസ് സ്ഥാപനങ്ങളുടെ അഡിമിനിസ്‍ട്രേറ്റര്‍ ആയിരുന്നു റാഷിദ്. ഇപ്പോള്‍ റാഷീദിനൊപ്പം ഐ.എസിലേക്ക് ചേക്കേറിയതായി സംശയിക്കുന്ന ചിലര്‍ക്ക് നേരത്തെ ഇയാള്‍ ഈ ഗ്രൂപ്പില്‍ ജോലി നല്‍കിയിരുന്നു. മുജാഹിദ് നേതാവ് എം.എം അക്ബറിന്റെ നിയന്ത്രണത്തിലാണ് സ്കൂള്‍. വിദേശത്തായതിനാല്‍ എം.എം അക്ബറിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. എന്നാല്‍ റാഷിദിനെ അറിയില്ലെന്ന് കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് അബ്ദൂല്ലക്കോയ മദനി പറഞ്ഞതായി ഏഷ്യാനെറ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പീസ് സ്കൂളുകള്‍ എം.എം അക്ബര്‍ സ്വകാര്യമായി നടത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. അന്തര്‍ ദേശീയ തലത്തിലുള്ള വഹാബി പ്രസ്ഥാനമാണ് ഐ.എസ്. കേരളത്തിലെ മുജാഹിദുകളും ആശയപരമായി വഹാബികളാണ്. ഈ ആശയം പങ്കിടുന്നത് കൊണ്ടാണോ ഇവര്‍ ഐ.എസിലേക്ക് ചേക്കേറിയതെന്ന് വ്യക്തമല്ല. ഏറെ നാളായി കേരളത്തിലെ മുജാഹിദുകള്‍‍ ഐ.എസിനെതിരെ പ്രചാരണങ്ങള്‍ നടത്തി വരുന്നുണ്ട്.

കേരളത്തില്‍ നിന്നും ഐഎസ് ബന്ധം സംശയിച്ച് പതിനാറിലധികം പേരുടെ തിരോധാനം ഉണ്ടായത് അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ കാണുന്നത്. ഇന്ത്യയില്‍ ഐ.എസിനെതിരെ ശക്തമായ വികാരം നിലനില്‍ക്കുമ്പോഴും യുവാക്കള്‍ ഐ.എസിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സാഹചര്യം കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ദില്ലിയില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേരാന്‍ പോയെന്ന് സംശയിക്കുന്നവര്‍ സിറിയ, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എത്തിയതായി കേന്ദ്ര ഏജന്‍സികള്‍ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

വിവിധ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം. റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് വിദേശ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.ഓണ്‍ലൈന്‍ വഴിയാണ് ഐ.എസ് ബന്ധങ്ങള്‍ ഉണ്ടാക്കുന്നത് എന്നതുകൊണ്ട് വിവിധ ഓണ്‍ലൈന്‍ സൈറ്റുകളും സാമൂഹ്യ മാധ്യമങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. നേരത്തെ ഇന്ത്യയില്‍ നിന്നും ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഐ.എസിനെതിരെ വിവിധ മുസ്ലീം സംഘടനകളെ ഉപയോഗിച്ച് ബോധവത്കരണ പരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ സംഘടനകളും ഇതിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഇവയൊന്നും ഐ.എസിന്റെ സ്വാധീനം കുറക്കാന്‍ സഹായകമായിട്ടില്ലെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍. അതേസമയം എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി ഐ.എസിനെ ശ്കതമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത് വന്നു. ക്രിമിനലുകളുടെ സൈന്യമായ ഐ.എസ്, മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്നും ഒവൈസി പറഞ്ഞു.

Top