ഐ.എസ്.ഐക്കുവേണ്ടി ചാരവൃത്തി.വിമുക്ത ഭടന്‍ അടക്കം രണ്ടുപേര്‍ അറസ്റ്റില്‍

ശ്രീനഗര്‍: ഐ.എസ്.ഐക്കുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് വിമുക്ത ഭടന്‍ അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാശ്മീരിലെ രജൗരി ജില്ലയില്‍ നിന്നാണ് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ സാബര്‍, വിമുക്ത ഭടനായ മുനവര്‍ അഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ചും ജമ്മു കാശ്മീര്‍ പോലീസും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഐ.എസ്.ഐക്ക് നിര്‍ണ്ണായക വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതായി പോലീസ് പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ മുനവര്‍ നിഷേധിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും മുനവര്‍ പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടിയ ഭടനാണ് മുനവര്‍ അഹമ്മദ്. അതിര്‍ത്തിയിലെ സൈനിക വിന്യാസം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന വിവരങ്ങള്‍ ഐ.എസ്.ഐക്ക് കൈമാറുന്നതിനിടെ ഒരു ബി.എസ്.എഫ് ഹെഡ് കോണ്‍സ്റ്റബിളും സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ഉള്‍പ്പെടെ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടന്ന അറസ്റ്റ്. അറസ്റ്റിലായ പാക് ചാരന് മുന്‍ പാകിസ്ഥാന്‍ വിദേശ കാര്യ മന്ത്രി ഹിന റബ്ബാനിയുമായും പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുമായും ബന്ധങ്ങള്‍ ഉള്ളതായാണ് സൂചന.

Top