കൊച്ചി: ഐഎസിലേക്ക് മലയാളികളെ ചേര്‍ക്കാന്‍ രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിന് പിന്നില്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തി.നേരത്തേ ഐഎസ്സില്‍ ചേര്‍ന്ന റാഷിദ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലാണ്. ഇയാളെ കണ്ടെത്തുന്നതിന് എന്‍ഐഎ ഇന്റര്‍പോളിന്റെ സഹായം തേടി. മെസേജ് ടു കേരള എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഇയാള്‍ ഐഎസ് ആശയ പ്രചരണം നടത്തുന്നത്. അഫ്ഗാനിസ്ഥാനിലെ നമ്പറിലാണ് മെസേജ് ടു കേരള എന്ന ഗ്രൂപ്പ് ഉണ്ടാക്കിയത്. ഈസ എന്നയാളാണ് ഗ്രൂപ്പ് അഡ്മിന്‍.
കഴിഞ്ഞയാഴ്ച കാസര്‍കോട് സ്വദേശി ഹാരിസിന് ലഭിച്ച സന്ദേശത്തെത്തുടര്‍ന്ന് എന്‍ഐഎ നടത്തിയ അന്വേഷണത്തിലാണ് വാട്‌സ്ആപ്പിലൂടെയുള്ള ഐഎസ് ആശയ പ്രചരണത്തിന് പിന്നില്‍ റാഷിദാണെന്ന് വ്യക്തമായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 200 പേര്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. മെസേജ് ടു കേരള എന്ന ഗ്രൂപ്പില്‍ അംഗമാക്കി എന്നായിരുന്നു ഹാരിസിന് ലഭിച്ച ശബ്ദ സന്ദേശം. ഹാരിസ് പോലീസില്‍ പരാതി നല്‍കി. മലയാളത്തിലായിരുന്നു സന്ദേശങ്ങള്‍. ഇതുവരെ ഈ ഗ്രൂപ്പില്‍ 11 സന്ദേശങ്ങളാണ് എത്തിയത്.
2016 ജൂലൈയിലാണ് അബ്ദുള്‍ റാഷിദിനെ കാണാതായത്. ഭാര്യ ആയിഷയും കുട്ടിയുമായി ഇയാള്‍ ഐഎസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയതായി പിന്നീട് വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. പാലക്കാട്, കാസര്‍കോട്, എറണാകുളം ജില്ലകളില്‍ നിന്ന് 21 പേര്‍ ഐഎസില്‍ ചേര്‍ന്നതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇവരെ എത്തിച്ചതിന് പിന്നിലും റാഷിദാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.