ഐഎസില്‍ ചേരാന്‍ പോയ തമിഴ്‌നാട്‌ യുവാക്കള്‍ തുര്‍ക്കിയില്‍ പിടിയിലായി

ചെന്നൈ: ഇസ്‌ളാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദ സംഘടനയില്‍ ചേരാന്‍ സിറിയയിലേക്ക്‌ പോകുകയും തുര്‍ക്കിയില്‍ പിടിയിലാകുകയും ചെയ്‌ത രണ്ടു തമിഴ്‌നാട്‌ യുവാക്കള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍. റോയാപ്പേട്ട സ്വദേശിയായ 23 കാരനായ ഒരു ബികോം ബിരുദധാരിയും സ്‌കൂള്‍ പഠനം ഉപേക്ഷിച്ച കാരൂരില്‍ നിന്നുള്ള ഒരു 22 കാരനുമാണ്‌ പിടിയലായത്‌. ഇവരെ തുര്‍ക്കി തിരിച്ചയച്ചു.
ആരാണ്‌ തീവ്രവാദികളുമായി മുട്ടിച്ചത്‌ എന്നറിയാന്‍ ഇരുവരേയും ചോദ്യം ചെയതെങ്കിലും കൂടുതല്‍ വിവരം പോലീസിന്‌ കിട്ടിയില്ല. ഇരുവരും ഐഎസില്‍ ചേരാന്‍ എങ്ങിനെ സിറിയയില്‍ എത്താമെന്ന കാര്യത്തില്‍ ഇന്റര്‍നെറ്റില്‍ മണിക്കൂറുകള്‍ ചെലവഴിച്ചു. ആരോ നല്‍കിയ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ച്‌ കഴിഞ്ഞ ആഗസ്‌റ്റില്‍ ഇരുവരും ബംഗലുരുവില്‍ നിന്നും ദുബായ്‌ക്ക് പറന്നിരുന്നു. ഇവിടെ നിന്നും തുര്‍ക്കിയില്‍ എത്തിയ ഇരുവരേയും അവിടെ വെച്ച്‌ സംശയാസ്‌പദമായ സാഹചര്യത്തെ തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം രാത്രിയില്‍ പിടികൂടി. ബംഗലുരുവില്‍ ജോലി തേടി പോകുകയാണെന്നാണ്‌ ഇരുവരും വീട്ടുകാരോട്‌ പറഞ്ഞത്‌. ഇരുവരെയും അജ്‌ഞാതകേന്ദ്രത്തില്‍ കൊണ്ടുപോയി പോലീസ്‌ ചോദ്യം ചെയ്‌തു. ലോകം ഇനി കയ്യടക്കാന്‍ പോകുന്നത്‌ ഐഎസ്‌ ആയിരിക്കും എന്ന വിശ്വാസമാണ്‌ ഐഎസില്‍ ചേരുന്നതിന്‌ പ്രചോദനമെന്ന്‌ ഇവരില്‍ ഒരാള്‍ പറഞ്ഞതായിട്ടാണ്‌ സുചന. ഇരുവരേയും കുടുംബാംഗങ്ങള്‍ എത്തിയ ശേഷം അവര്‍ക്കൊപ്പം പറഞ്ഞുവിട്ടു. എന്നിരുന്നാലും ഇരുവരും നിരീക്ഷണത്തിലാണ്‌.
ചെന്നൈയില്‍ ഒരു കടയില്‍ ജോലി ചെയ്യുന്ന കാരൂരുകാരന്‍ അമ്മാവനൊപ്പമാണ്‌ അവിടെ താമസം. പിതാവിനെ വസ്‌ത്രവ്യാപാരത്തില്‍ സഹായിക്കുന്ന ബീകോം ബിരുദധാരിയുമായി പിന്നീട്‌ സൗഹൃദത്തിലാകുക ആയിരുന്നു. ഇരുവരും എപ്പോഴും ഇന്ത്യയിലെ തൊഴിലില്ലായ്‌മയെ കുറിച്ച്‌ ചര്‍ച്ച ചെയ്യുമായിരുന്നു. ഐഎസ്‌ ഭരിക്കുന്ന സിറിയയില്‍ തൊഴില്‍ തേടാനുള്ള ആശയം മുന്നോട്ട്‌ വെച്ചത്‌ ചെന്നൈക്കാരനാണ്‌. പിന്നീട്‌ ഓണ്‍ലൈനില്‍ ഒരു അജ്‌ഞാതന്‍ നല്‍കിയ നിര്‍ദേശം അനുസരിച്ച്‌ ദുബായ്‌, തുര്‍ക്കി, മലേഷ്യ എന്നിവിടങ്ങളിലേക്ക്‌ ടൂറിസ്‌റ്റ് വിസയ്‌ക്ക് അപേക്ഷിച്ചു. നേരിട്ട്‌ തുര്‍ക്കിയിലേക്കോ സിറിയയിലേക്കോ പോകുന്നത്‌ സംശയം തോന്നിക്കുമെന്ന്‌ ഭയന്നാണ്‌ ഇങ്ങിനെ ചെയ്‌തത്‌.
തുര്‍ക്കിയില്‍ നിന്നും സിറിയയിലേക്ക്‌ നുഴഞ്ഞു കയറാനായിരുന്നു ശ്രമം. ബംഗലുരുവില്‍ നിന്നും ദുബായില്‍ എത്തിയ ഇരുവരും അവിടെ സന്ദര്‍ശകരായ ശേഷം തുര്‍ക്കിക്ക്‌ പോയി. ഏതാനും ദിവസങ്ങള്‍ക്ക്‌ ശേഷം സിറിയന്‍ അതിര്‍ത്തിയിലേക്കും നീങ്ങി. ഇതിനിടയില്‍ ഒരു ചെറിയ ലോഡ്‌ജില്‍ താമസിക്കുമ്പോള്‍ സിറിയയിലേക്ക്‌ പോകുന്നത്‌ എന്തിനാണെന്ന ചോദ്യം ഉയരുകയും വിവരം ലോഡ്‌ജുകാര്‍ തുര്‍ക്കി അധികൃതരെ അറിയിക്കുകയുമായിരുന്നു. തുര്‍ക്കി ഉദ്യോഗസ്‌ഥരോട്‌ തങ്ങള്‍ മലേഷ്യയ്‌ക്ക് പോകുകയാണെന്നായിരുന്നു ഇവര്‍ അറിയിച്ചത്‌. ചോദ്യം ചെയ്യലില്‍ ഇരുവരും പരസ്‌പര വിരുദ്ധ ആശയങ്ങള്‍ പറഞ്ഞതോടെയാണ്‌ സംശയം ഉയര്‍ന്നത്‌.

Top