ന്യുഡല്‍ഹി: രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇന്ത്യയ്ക്കുള്ളില്‍ ഐഎസിനു വേണ്ടി പോരാട്ടം നടത്താനൊരുങ്ങുന്നത് പതിനാലുപേരെന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ മുജാഹിദീനിന്റെ മുന്‍ നേതാവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നടത്തുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ ഇടപാടുകള്‍ രഹസ്യമായി നിരീക്ഷിച്ച അന്വേഷണ സംഘം കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആറു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സിക്കു കൈമാറുകയും ചെയ്തു.
ഐഎസിനു വേണ്ടിയുള്ള യുദ്ധത്തിയില്‍ സിറിയയില്‍ ആറു ഇന്ത്യക്കാരായ യുവാക്കള്‍ കൊല്ലപ്പെട്ടതായുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് ഇന്ത്യന്‍ മുജാഹിദീനും, ഐഎസും തമ്മിലുള്ള ബന്ധങ്ങള്‍ പുറത്തു വന്നത്. ഇന്ത്യന്‍ മുജാഹിദീനിന്റെ മുന്‍ നേതാവ് മൗലാനാ അബ്ദുള്‍ ഖാദില്‍ സുല്‍ത്താന്‍ അമറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിറിയയില്‍ ഐഎസിനായി യുദ്ധത്തിനിറങ്ങിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മൗലാനാ അബ്ദുള്‍ ഖാദിര്‍ സുല്‍ത്താനയുടെ സഹോദരന്‍ ഷാഫി അര്‍മറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയില്‍ ഐഎസ് കെട്ടിപ്പെടുക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ വാര്‍ ഗ്രൂപ്പ് തുടങ്ങിയ ശേഷം സോഷ്യല്‍ മീഡിയയിലൂടെ ഐഎസിലേയ്ക്കു ആളുകളെ റിക്രൂട്ട് ചെയ്യുകയായിരുന്നു സംഘത്തിന്റെ രീതി. മൂന്നു മാസത്തോളമായി സംഘത്തിന്റെ ചാറ്റിങ്ങുകളും, പ്രവര്‍ത്തനങ്ങളുമെല്ലാം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കര്‍ശന നിരീക്ഷണത്തില്‍ വയ്ക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ആഴ്ച എത്തിയ രഹസ്യ നിര്‍ദേശമാണ് സംഘത്തെകുടുക്കാന്‍ പൊലീസിനെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും നിര്‍ണായകമായത്. വാര്‍ഗ്രൂപ്പിലെത്തിയ സന്ദേശത്തില്‍ ഇന്ത്യയില്‍ യുദ്ധം നടത്തേണ്ട വിവിധ നഗരങ്ങളെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ മിന്നല്‍ നീക്കത്തിലൂടെ ഐഎസ് തീവ്രവാദികളുടെ പദ്ധതികള്‍ പൊളിച്ചത്.
കര്‍ണാടക തെലുങ്കാന മഹാരാഷ്ട്ര ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒരേ ദിവസം ഒരേ സമയം നടത്തിയ മിന്നല്‍ റെയ്ഡിലൂടെ ആറു പേരെയാണ് പൊലീസ് സംഘം കുടുക്കിയത്. ഇവരെ തുടര്‍ അന്വേഷണത്തിനായി എന്‍ഐഎ സംഘത്തിനു കൈമാറിയിട്ടുണ്ട്.